രക്ഷിക്കാൻ ഒരു അങ്കിളും ഉണ്ടാകില്ല, പൊലീസുകാര്‍ക്ക് ഓര്‍മയുണ്ടായാല്‍ നല്ലത്; രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവന്‍മാരെ സംരക്ഷിക്കാന്‍ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അമതാധികാരം പ്രയോഗിച്ചാല്‍ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി തല്ലി. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പൊലീസിന് ആരും നല്‍കിയിട്ടില്ല. മുകളില്‍ ഇരിക്കുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി ചെയ്ത ഒരാള്‍ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി അങ്കിള്‍ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തന്‍ ചിലതൊക്കെ ചെയ്തത്. അപകടത്തില്‍പ്പെട്ടാല്‍ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓര്‍മ ഈ ഉദ്യോഗസ്ഥര്‍ക്കുണ്ടെങ്കില്‍ നല്ലത്. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസിനെയാണ് ഏറാന്‍മൂളികളുടെ സംഘമാക്കി മാറ്റിയത്.

ഒരുത്തന്‍ എം.എല്‍.എയുടെ കാല് പിടിക്കുകയും മറ്റും എസ്.പിമാരെ കുറിച്ച് അസഭ്യം പറയുകയുമാണ്. എ.ഡി.ജി.പി സ്വര്‍ണക്കടത്തുകാരനും കള്ളനുമാണെന്ന് പറഞ്ഞവനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നാല് ദിവസമെടുത്തു. നല്ല പൊലീസുകാരെ കൂടി പറയിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ സമരമുണ്ടാകും. തല്ലിയൊതുക്കാമെന്ന് കരുതേണ്ട. നവകേരള സദസില്‍ കണ്ണൂരില്‍ തല്ലി ഒതുക്കാന്‍ നോക്കിയിട്ട് തിരുവനന്തപുരത്ത് വന്നിട്ടും തീര്‍ന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്ല മറുപടിയും നല്‍കിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan react to Police Action against Youth Congress Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.