ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചത് രണ്ടരലക്ഷം വീടുകളെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍മ്മിച്ചത് രണ്ടരലക്ഷം വീടുകളെന്ന് പ്രിതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരത്തെ സംസ്ഥാനത്ത് ഒരു ഭവന നിര്‍മ്മാണ പദ്ധതിയും ഇല്ലായിരുന്നെന്ന തരത്തിലാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയെ കൊട്ടിഘോഷിക്കുന്നത്. ഇന്ദിരാ ആവാസ് യോജന കൂടാതെ പട്ടികജാതി -വര്‍ഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളിക്കും ന്യൂനപക്ഷങ്ങള്‍ക്കും തദേശ സ്ഥാപനങ്ങളുടെ തനത് ഭവന നിർമാണ പദ്ധതികളും സംസ്ഥാനത്തുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏഴ് പദ്ധതികള്‍ ഒരുമിച്ച് ചേര്‍ത്താണ് ലൈഫ് മിഷനുണ്ടാക്കിയ അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 2,79,000 ആണെന്നാണ് 2022 സെപ്തംബര്‍ ഒമ്പതിന് നിയമസഭയില്‍ നല്‍കിയ മറുപടി. ഇപ്പോഴത് മൂന്നു ലക്ഷമായെന്ന് പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കാതിരുന്ന 52,000 വീടുകളും അഞ്ച് വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി കുറച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് നിർമിച്ചത് രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ്.

2020-ല്‍ ഒമ്പത് ലക്ഷം പേര്‍ അപേക്ഷ നല്‍കിയതില്‍ 5,06,000 പേരെ തെരഞ്ഞെടുത്തു. 2022 ല്‍ പ്രസിദ്ധീകരിച്ച ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 12,845 ഗുണഭോക്താക്കള്‍ തദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് 2023 ഫെബ്രുവരി ഒന്നിന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. മൂന്ന് വര്‍ഷത്തെ ലൈഫ് മിഷന്റെ പുരോഗതിയാണിത്. മൂന്ന് കൊല്ലമായി ലക്ഷക്കണക്കിന് പേരാണ് വീടിന് വേണ്ടി കാത്തിരിക്കുന്നത്. ഇതാണോ മൂന്ന് കൊല്ലം കൊണ്ടുണ്ടാക്കിയ പുരോഗതി?

2017-ല്‍ തുടങ്ങിയ പദ്ധതിയില്‍ പഴയ സര്‍ക്കാരിന്റെ കാലത്തെ 52,000 ഉള്‍പ്പെടെ മൂന്ന് ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011-12 മുതല്‍ 2015-16 വരെ 2,07,538 വീടുകള്‍ ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം മാത്രം നിർമിച്ചിട്ടുണ്ടെന്ന് 16-5-2017 ല്‍ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ അയിഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്.

അഞ്ചു കൊല്ലം കൊണ്ട് 4,14,554 വീടുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിർമിച്ചത്. അക്കാലത്ത് എസി.സി വിഭാഗത്തില്‍ 24,594 വീടുകളും എസ്.ടി വകുപ്പ് മുഖേന 17,588 വീടുകളും നിർമിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലനും നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. 71,710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12,938 കുടുംബങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റികളും 10,815 കോര്‍പറേഷനുകളും വീട് നിര്‍മ്മിച്ചിട്ടുണ്ട്. ഇത് കൂടാതെ അന്‍പതിനായിരത്തിലധികം വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും നിർമിച്ച് നല്‍കിയിട്ടുണ്ട്. ഇത് കൂടിയാകുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ എണ്ണം നാലര ലക്ഷത്തിൽ അധികമാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളാണിത്.

പട്ടികജാതി പട്ടിക വര്‍ഗത്തിനും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള വീടുകള്‍ക്ക് അതത് വകുപ്പുകള്‍ ചെയ്തുകൊടുത്തത് പോലെ ഇപ്പോള്‍ പുരോഗതിയുണ്ടോ? ലൈഫ് ഭവനപദ്ധതിക്കായി റൂറലില്‍ 525 കോടി നീക്കിവച്ചിട്ട് ചെലവഴിച്ചത് 6.22 ശതമാനവും അര്‍ബന്‍ മേഖലയില്‍ 192 കോടിയില്‍ 2.97 ശതമാനമാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ നാല് ലക്ഷം മുടക്കുന്നുണ്ടെന്നാണ് പറയുന്നത്. നാലു ലക്ഷത്തില്‍ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷവും ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ ഇരുപതിനായിരം വീതവും ഗ്രാമ പഞ്ചായത്ത് 40,000 രൂപയുമാണ് നല്‍കേണ്ടത്.

ബാക്കി വായ്പ പഞ്ചായത്തുകള്‍ അടക്കണം. മറ്റൊരു പദ്ധതികളും നടപ്പാക്കാനാകാത്ത അവസ്ഥയില്‍ പഞ്ചായത്തുകളെ ഈ പദ്ധതിയില്‍ കെട്ടിവച്ചിരിക്കുകയാണ്. എന്നിട്ടാണ് മറ്റേതെങ്കിലും സംസ്ഥാനം ഇത്രയും തുക മുടക്കുന്നുണ്ടോയെന്ന് ഇവിടെ പറയേണ്ട പുറത്ത് പൊതുയോഗത്തില്‍ വേണമെങ്കില്‍ പറഞ്ഞോ. ഇവിടെ പറഞ്ഞാല്‍ നാല് ലക്ഷത്തിന്റെ കണക്ക് ഞങ്ങള്‍ക്ക് അറിയാം. നിർമാണ ചെലവ് വര്‍ധിച്ചതിനാല്‍ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ എണ്ണം കൂടുകയാണെന്നും സതീശൻ പറഞ്ഞു.

......................................

Tags:    
News Summary - VD Satheesan said that the government has so far built two and a half lakh houses under the LIFE scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.