നയപ്രഖ്യാപനം: കേന്ദ്രത്തിനെതിരെ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളിയെന്ന് വി.ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ഒപ്പമല്ലെന്നാണ് എല്ലായിപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണ്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ തമ്മില്‍ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കും.

ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘ്പരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവര്‍ണറുമായി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ തര്‍ക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയത്.

നിയമസഭ സമ്മളേനത്തില്‍ നിരവധി ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. ബജറ്റില്‍ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുര്‍ചെലവുകള്‍ വര്‍ധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ്. വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫര്‍ സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സര്‍ക്കാരിന്റെ സംഭരണം തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും സഭയില്‍ ഉന്നയിക്കും.

കേരളത്തില്‍ മുഴുവന്‍ ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. ജനങ്ങള്‍ കടക്കെണിയിലാണ്. അതിനൊപ്പമാണ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകര്‍ന്നു തരിപ്പണമായി. വനാതിര്‍ത്തികളില്‍ ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി ഇരിക്കുകയാണ്. അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സര്‍ക്കാര്‍ മാറി. രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുഖ്യം നല്‍കുന്നത്. എല്ലാത്തിലും വിമര്‍ശനങ്ങള്‍ മാത്രല്ല, ബദല്‍ നിര്‍ദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan said that the governor-government collusion softened the criticism against the Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.