വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമെന്ന് വി.ഡി സതീശൻ

കൊച്ചി: വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാന ആക്രമണത്തില്‍ രണ്ടു മാസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് ഇടുക്കിയില്‍ മാത്രം കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്തതരത്തിലാണ് മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത്. വയനാട്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍കുകയാണ്.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കഴിവുകെട്ട ഈ സര്‍ക്കാരും വനം വകുപ്പുമാണ് നേര്യമംഗലം സ്വദേശിനി ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികള്‍. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ സഹോദരന്റെയും ബന്ധുക്കളുടെയും പ്രതിഷേധം വകവെക്കാതെ മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റിയ പൊലീസ് നടപടി മൃതദേഹത്തോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.

ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. എം.പിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ഡി.സി.സി അധ്യക്ഷന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങളെ അടിച്ചോടിച്ച് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയതും ജനാധിപത്യവിരുദ്ധമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട.

മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? വാചക കസര്‍ത്ത് കൊണ്ട് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. സ്വജനപക്ഷപാതവും അഴിമതിയും ധൂര്‍ത്തും നടത്താനുള്ളതല്ല ഭരണസംവിധാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ചുമതല നിര്‍വഹിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ പ്രതിപക്ഷം സമരം ശക്തമാക്കുമെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that the incompetent government and the forest department are also responsible for the death of the elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.