മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല, രാജിവെച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെയും മന്ത്രി അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും അപമാനിച്ചു. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന വിവരം മന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്? മന്ത്രി ഇന്ത്യന്‍ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ? അതിന്റെ മഹത്വവും പവിത്രതയും എന്താണെന്ന് അറിയാമോ? ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ സജി ചെറിയാന് അവകാശമില്ല. ഉടന്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പുറത്താക്കിയില്ലെങ്കില്‍ യു.ഡി.എഫ് നിയമപരമായ വഴികള്‍ തേടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അടുത്തിടെയായി സര്‍ക്കാര്‍ തൊടുന്നതും പറയുന്നതുമെല്ലാം പാളിപ്പോകുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്. വിഷയം മാറ്റാന്‍ വേണ്ടി ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. എ.കെ.ജി സെന്ററില്‍ ആക്രമണ കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ പോയാല്‍ അത് സി.പി.എമ്മില്‍ ചെന്നെത്തും. അതുകൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത്. പ്രതി ആരാണെന്ന് അന്വേഷണ സംഘത്തിനും നന്നായി അറിയാമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.

ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്'

Tags:    
News Summary - VD Satheesan said the minister Saji Cherian is not entitled to continue in power and should resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.