സർക്കാർ ധൂർത്ത്​​ നിർത്തുന്നതിനു​ പകരം ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു -വി.ഡി സതീശൻ

 തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കി സർക്കാർ നടത്തുന്ന ധൂർത്ത്​​ നിർത്തുന്നതിനു​പകരം ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയാണെന്ന്​​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ബജറ്റിലെ നികുതികൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ്​ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക്​ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതികൊള്ള വെച്ചുപൊറുപ്പിക്കില്ല. സർക്കാറിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും ധനകാര്യ രംഗത്തെ ദുർവിനിയോഗവും വരുത്തിവെച്ച ധനപ്രതിസന്ധിയിൽനിന്ന്​ സംസ്ഥാനത്തെ രക്ഷിക്കാനുള്ള നികുതി വർധനയെ പ്രതിപക്ഷം ചെറുത്തുതോൽപ്പിക്കും. ഇപ്പോഴത്തെ നികുതിവർധന​ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനു​ പകരം നികുതിവെട്ടിപ്പിനേ ഉപകരിക്കൂ.

70,000 കോടിയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ഉണ്ടായിരിക്കെയാണ്​ ബജറ്റിലൂടെ 4,000 കോടിയുടെ പുതിയ നികുതികൂടി ജനങ്ങൾക്കുമേൽ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്​. ഇങ്ങനെപോയാൽ കൂടുതൽ നേരം നിൽക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നൽകേണ്ടിവരുന്ന അവസ്ഥയാണ് ഇനി വരാൻപോകുന്നത്​.

ധൂർത്തിനുവേണ്ടിയാണ്​ നികുതി കൂട്ടുന്നത്​. യുവജന കമീഷൻ ചെയർപേഴ്​സന്​ മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിപ്പിച്ചതും മുമ്പ്​ കോൺഗ്രസ്​ നേതാക്കളെ പറഞ്ഞു പറ്റിച്ചിരുന്നയാളെ ഇപ്പോൾ മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിൽ നിയമിച്ചതും അനാവശ്യ ധൂർത്തിന്​​ ഉദാഹരണങ്ങളാണെന്നും സതീശൻ പറഞ്ഞു​.

Tags:    
News Summary - VD satheesan speech protest against kerala Govt in Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.