പഴയ വിജയനെയും പേടിയില്ല, പുതിയ വിജയനെയും പേടിയില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ ‘പഴയ വിജയൻ’ ഡയലോഗിന് ഉരുളക്കുപ്പേരി മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ‘മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പഴയ വിജയനാണെങ്കിൽ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങൾ സർവ്വ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാൽ മതി’- എന്നായിരുന്നു പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ‘പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല’ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.

Full View

'മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. എന്താണ് കാരണം? മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ഈ നാട്ടിലാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനെ എന്ന് അങ്ങ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നത്'- സതീശന്‍ പറഞ്ഞു.

മുഖ്യമ​ന്ത്രിക്കെതിരായ സമരത്തിന് ആളുകൾ കുറഞ്ഞതിന് യൂത്ത് കോൺഗ്രസിനെ മുഖ്യമന്ത്രി പരിഹസിച്ചു. 'വളരെ ഒറ്റപ്പെട്ട രീതിയില്‍ ഒരാള് രണ്ടാള് എന്ന തരത്തിലാണ് ഇപ്പോള്‍ കരിങ്കൊടി കാണിക്കല്‍. അത് സാധാരണയായി ഒരു ബഹുജനപ്രസ്ഥാനം ചെയ്യുന്ന കാര്യമാണോ? യൂത്ത് കോണ്‍ഗ്രസ് എന്നത് സംസ്ഥാനത്ത് യുവാക്കളെ അണിനിരത്താന്‍ സാധിക്കാത്ത സംഘടനയാണെന്നൊന്നും താന്‍ പറയുന്നില്ല. ഡി.വൈ.എഫ്.ഐയുടെ അത്ര കരുത്തില്ലെങ്കിലും പ്രധാനപ്പെട്ട യുവജന സംഘടനയല്ലേ യൂത്ത് കോൺഗ്രസ്. പക്ഷേ, എന്തുകൊണ്ട് ഈ ഘട്ടത്തില്‍ പ്രക്ഷോഭത്തിന് ഒരാളും രണ്ടാളും ആകുന്നത്' -മുഖ്യമന്ത്രി ചോദിച്ചു.

എന്നാൽ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആളില്ലെങ്കില്‍ പിന്നെ എന്തിനാണ് പെരുമ്പാവൂരിലെ രായമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നടക്കുന്ന സ്ഥലം പോലീസ് വളഞ്ഞ് ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് വി.ഡി സതീശൻ ചോദിച്ചു.

മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് പിണറായി സർക്കാർ -ഷാഫി പറമ്പിൽ

നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിട്ടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളത് -അദ്ദേഹം പറഞ്ഞു.

‘‘ആന്തോളൻ ജീവികൾ, അർബൻ നക്സലുകൾ, മാവോയിസ്റ്റുകൾ, തുക്ഡേ തുക്ഡേ ഗ്യാങ്.. ഇതൊക്കെ കേന്ദ്രത്തിൽനിന്നും നരേന്ദ്ര മോദിയിൽനിന്നും ഫാഷിസ്റ്റുകളിൽനിന്നും സംഘപരിവാറിൽനിന്നും നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ കേൾക്കുന്ന വാക്കുകളോ... തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ... ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയൻ സർക്കാർ മാറി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം’ - ഷാഫി പറഞ്ഞു.

‘പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളു’

ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളൂവെന്ന് പിണറായി വിജയൻ. ‘നിങ്ങളുടെ സർക്കാരുണ്ടായിരുന്നപ്പോൾ എനിക്ക് സംരക്ഷണം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മുടെ ആഗ്രഹമനുസരിച്ചാണോ സുരക്ഷ ക്രമീകരണങ്ങൾ പോലീസ് ഒരുക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളു. പൊലീസ് അവരുടെതായ വഴിക്ക് സുരക്ഷ ഒരുക്കും. വിശിഷ്‌ടവ്യക്തികള്‍ക്കും അതിവിശിഷ്‌ട‌വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. ഇതുപ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്‌ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാന ത്തിലെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുമാണ്. ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്‌ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനപരിശോധനയും നടത്തുകയും ചെയ്‌തുവരുന്നു. ഇപ്രകാരം സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളത്’ - മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - VD satheeshan against pinarayi vijayan 'There is no fear of old Vijayan and new Vijayan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.