സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പൊതുനിലപാട് വേണം; സങ്കുചിത രാഷ്ട്രീയം പാടില്ല -കെ.കെ. രമക്ക് മറുപടിയുമായി വീണ ജോർജ്

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ സഭയിൽ അതിക്രമം നടക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കെ.കെ. രമ എം.എൽ.എയുടെ നോട്ടീസിന് മറുപടി പറയുകയായിരുന്നു വീണ ജോർജ്. മുഖ്യമന്ത്രി സഭയിലെത്താത്തതിനാലാണ് മന്ത്രി മറുപടി നൽകിയത്. അരൂരിൽ ദലിത് യുവതിക്കുനേരെയുണ്ടായ അക്രമത്തിൽ കേസ് എടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുസാറ്റിലെ കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ സിൻഡിക്കേറ്റ് അംഗം യുവതിയോട് അതിക്രമം കാണിച്ച സംഭവത്തിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രിജ്ഭൂഷ​ന്റെ കേസുപോലെയല്ല, സർക്കാർ കെ.സി.എ കോച്ചിന്റെ പീഡനക്കേസ് കൈകാര്യം ചെയ്തതെന്നും വീണ ജോർജ് ശ്രദ്ധയിൽ പെടുത്തി.കോച്ചിനെ അറസ്റ്റ് ചെയ്തു. ഇപ്പോൾ റിമാൻഡിലാണ്. ഇയാൾക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.കാലടിയിലെ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു​വെന്നും മന്ത്രി സൂചിപ്പിച്ചു. ഇയാൾ മുമ്പ് അതിക്രമം ചെയ്തിട്ടു​ണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് സി.പി.എമ്മിലെ വനിതാനേതാക്കളേയും കുടുംബാംഗങ്ങളേയും അന്തരിച്ച പി. ബിജുവിന്റെ പത്‌നിയെവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ചു. അതിന്റെ ഇരയാണ് താനും. ഇതില്‍ പ്രതിപക്ഷം എന്ത് നടപടി സ്വീകരിച്ചുവെന്നും അവര്‍ ചോദിച്ചു.

കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ പരാമര്‍ശവും മന്ത്രി മറുപടിക്കിടെ സൂചിപ്പിച്ചു. തയ്യല്‍ ടീച്ചറുടെ ക്ഷണം ആര്‍ക്കെങ്കിലും കിട്ടിയെങ്കില്‍ തരുന്നവര്‍ക്ക് സമ്മാനം തരുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ എഴുതി. ഇയാള്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും വീണ ജോർജ് ചോദിച്ചു. സയൻസ് ടീച്ചറെ തയ്യൽ ടീച്ചറാക്കിയ ആളുകളാണ്. തയ്യൽ മോശം തൊഴിലാണോ? ഈ പരാമർശത്തിലെ സ്ത്രീ വിരുദ്ധതയൊന്നും ആരും കാണുന്നില്ല.

സി.പി.എം. വനിതാ നേതാവിനെതിരെ അധിക്ഷേപ പോസ്റ്റിട്ടയാള്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. കേസില്‍ ജാമ്യം എടുത്തുകൊടുത്തത് കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ചുമതലപ്പെടുത്തിയ അഞ്ച് അഭിഭാഷകരാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ചിത്രം മോര്‍ഫ് ചെയ്തപ്പോള്‍ ഇങ്ങനെയൊരു വിഡിയോ കണ്ടാല്‍ ആരാണ് ഷെയര്‍ ചെയ്യാത്തതെന്നായിരുന്നു ഒരാളുടെ പ്രതികരണ​മെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പൊതുനിലപാട് വേണമെന്നും സങ്കുചിത രാഷ്ട്രീയ നിലപാട് പാടി​ല്ലെന്നും വീണ ഓർമപ്പെടുത്തി.

Tags:    
News Summary - Veena George reply to KK Rema on Submission notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.