മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്. 'മഹാമാരികളെ കേരളം നേരിട്ട വിധം' കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവര്‍ക്ക് സംവിധാനം 2024ല്‍ യാഥാര്‍ത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. അതിന് ഈ സെമിനാര്‍ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യന്റെ ചരിത്രം ഒട്ടനേകം മഹാമാരികളെ അതീജിവിച്ച് കടന്നുവന്നതാണ്. സമാനതകളില്ലാത്തവിധം എല്ലാ ഭൂഖണ്ഡങ്ങളേയും എല്ലാവരേയും ബാധിച്ച മഹാമാരിയാണ് കോവിഡ് 19. സാര്‍സ് 1, മേഴ്‌സ് തുടങ്ങിയ വൈറസുകളേക്കാള്‍ അത്യന്തം പ്രഹരശേഷിയുള്ള വൈറസായിരുന്നു കോവിഡ്. ഈ വൈറസിന്റെ പ്രഹരശേഷി കുറക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അതിജീവിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

ആശുപത്രി, മരുന്ന്, രോഗികള്‍ എന്നിവയ്‌ക്കൊപ്പം മറ്റനേകം കാര്യങ്ങള്‍ക്കും കേരളം വളരെ നേരത്തെ നല്‍കിയ പ്രാധാന്യമാണ് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചത്. സമീപ കാലങ്ങളില്‍ കോവിഡ്, മങ്കിപോക്‌സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങള്‍ കൂടുതല്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നതിനാല്‍ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.

2019ല്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം മാതൃകയായ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടേയും അന്നത്തെ മന്ത്രി കെ.കെ. ശൈലജയുടെയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

സദാ ജാഗരൂകരായാല്‍ മാത്രമേ ഇതുപോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി.

Tags:    
News Summary - Veena George said that the state will develop the monoclonal antibody on its own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.