വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

എറണാകുളം: വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ 2021ല്‍ ആരംഭിച്ച ഇ.ഡി അന്വേഷണം മറച്ചുവച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം തടസപ്പെട്ടത് സി.പി.എം- ബി.ജെ.പി ധാരണ പ്രകാരമല്ലേ എന്നും സതീശൻ ചോദിച്ചു. കൂടാതെ, മുഖ്യമന്ത്രിയുടെ മറുപടിക്കായി അഞ്ച് ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്.

മാസപ്പടി വിവാദത്തില്‍ അഞ്ച് പ്രധാന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണം:

1. മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. കര്‍ണാടക ഹൈകോടതി വിധിയില്‍ സി.എം.ആര്‍.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനു മുന്‍പ്, 2021ല്‍ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്ന് വര്‍ഷം ഇ.ഡി അന്വേഷണം മൂടിവച്ചത്? സി.പി.എം-ബി.ജെ.പി ധാരണ പ്രകാരമല്ലേ എക്‌സാലേജിക്കിന് എതിരായ ഇ.ഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.

2. ഇന്‍കം ടാക്സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

3. സി.എം.ആര്‍.എല്ലിന് പുറമെ വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍.ഒ.സി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്ലിനെ കൂടാതെ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?

4. എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

5. കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നും നിന്നും എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എംപവര്‍ നല്‍കിയ വായ്പ മുഴുവനായി എക്‌സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ?

അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ നിന്നും കര്‍ണാടക ഹൈകോടതി വിധിയില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഈ അഞ്ച് ചോദ്യങ്ങളെന്നും ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - Veena Vijayan Case: Leader of Opposition VD Satheesan with five questions to Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.