തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും തിരിഞ്ഞ് മാത്യു കുഴൽനാടൻ. ധനാഭ്യർഥന ചർച്ചക്കിടെയാണ് വ്യാഴാഴ്ച കുഴൽനാടൻ മാസപ്പടിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തൊടുത്തത്. മുഖ്യമന്ത്രിയുടെ മകൾ വീണ അനാഥാലയങ്ങളിൽനിന്ന് മാസപ്പടി കൈപ്പറ്റിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ.ഒ.സി) രേഖകൾ ഉയർത്തിക്കാട്ടി കുഴൽനാടൻ ആരോപണം ഉന്നയിച്ചു. വീണയുടെ കമ്പനി മാസംതോറും വിവിധ ജീവകാരുണ്യസ്ഥാപനങ്ങളിലും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായെന്ന് ആർ.ഒ.സിയുടെ രേഖയിൽ പറയുന്നുണ്ടെന്ന് കുഴൽനാടൻ പറഞ്ഞു.
ചർച്ചയിൽ വ്യവസായ വകുപ്പിനെകുറിച്ച് സംസാരിക്കുന്നതിനിടെയാണ് മാസപ്പടിവിഷയത്തിലേക്ക് കടന്നത്.
മാസപ്പടിയിൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും പി.വി എന്നത് താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെക്കാമെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. വീണ്ടും വീണ്ടും ഇതേ വിഷയം ഉന്നയിക്കരുതെന്ന് തുടക്കം മുതൽ സ്പീക്കർ മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു. ഒരേപല്ലവി ഇവിടെ പാടരുതെന്നും ഇതു സ്ഥിരമായി പറയേണ്ട വേദിയല്ലെന്നും സ്പീക്കർ രോഷാകുലനായി. താങ്കൾ ഒരു അഭിഭാഷകനല്ലേ, നിയമമറിയുന്ന ആളല്ലേ എന്ന് ചോദിച്ച സ്പീക്കർ സോഷ്യൽമീഡിയക്കും മാധ്യമങ്ങൾക്കും വേണ്ടിയുള്ള പ്രസംഗം നടത്തരുതെന്നും സ്പീക്കർ പറഞ്ഞു. പിന്തുണയുമായി പ്രതിപക്ഷവും എതിർപ്പുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ സഭയിൽ വാക്കേറ്റമായി.
പിന്മാറാൻ തയാറാകാതിരുന്ന കുഴൽനാടൻ ഹൈകോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചെന്നും പി.വി താനല്ലെന്ന് ഹൈകോടതിയിൽ പിണറായി വിജയൻ പറയട്ടെയെന്നും താൻ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ പറ്റിയ അവസരമാണിതെന്നും പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ഉന്നയിക്കാൻ പാടില്ലെന്ന് സ്പീക്കർ വീണ്ടും കയർത്തപ്പോൾ താൻ എന്താണ് പ്രസംഗിക്കേണ്ടതെന്ന് ചെയറാണോ തീരുമാനിക്കുന്നതെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. മാസപ്പടി എന്നു കേൾക്കുമ്പോൾ എന്താണ് ഇത്ര പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ചട്ടങ്ങൾ അനുസരിച്ചേ പോകാൻ കഴിയൂവെന്ന് വ്യക്തമാക്കിയ സ്പീക്കർ അറിയില്ലെങ്കിൽ സഹപ്രവർത്തകരിലെ സീനിയേഴ്സിനോട് ചോദിച്ച് മനസ്സിലാക്കണമെന്നും ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്നും പറഞ്ഞു. തുടർന്ന് മൈക്ക് ഓഫാക്കി അടുത്ത നടപടികളിലേക്ക് സ്പീക്കർ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.