ന്യൂഡല്‍ഹി: ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ മൂര്‍ത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്‍െറ ‘ഹൈമവത ഭൂവില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്. നാലുലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്തവര്‍ഷം സമ്മാനിക്കും.
പ്രഫ. സത്യവ്രത ശാസ്ത്രി അധ്യക്ഷനായ ഒമ്പതംഗ ബോര്‍ഡാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
രാജ്യത്തിന്‍െറ സാംസ്കാരിക പാരമ്പര്യം, തത്ത്വചിന്ത, മാനുഷിക മൂല്യങ്ങള്‍ എന്നിവ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന കൃതിയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. എഴുത്തുകാരനും രാജ്യസഭാ എം.പിയും ജനതാദള്‍-യു നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ കൂടിയാണ്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, അമൃതകീര്‍ത്തി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ കൃതിയാണ് ഹൈമവത ഭൂവില്‍.
പുരസ്കാരം കേരളത്തിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഹൈമവതഭൂവില്‍’ 50ാം പതിപ്പ് ഇറക്കുന്ന സമയത്തെ പുരസ്കാരത്തില്‍ സന്തോഷമുണ്ട്. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ളെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മലയാളത്തിന് ലഭിക്കുന്ന മൂന്നാമത്തെ മൂര്‍ത്തീദേവി പുരസ്കാരമാണിത്. 2009ല്‍ അക്കിത്തത്തിനും 2013ല്‍ സി. രാധാകൃഷ്ണനും പുരസ്കാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.