കോഴിക്കോട്: ശബരിമല സീസണിനൊപ്പം തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും എത്തിയതോടെ പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തിൽ സീസൺ അല്ലാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറയുകയും ചെയ്തതോടെ വൻവിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ. നേന്ത്രപ്പഴം, മുരിങ്ങക്കായ, കിഴങ്ങുവർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും. തക്കാളിക്കും വില കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. പച്ചക്കറി വാങ്ങാനെത്തുന്നവർ വില ചോദിച്ച് തിരിച്ചുപോവുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. തുച്ഛവിലക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്കുവരെ 60-70 ആണ് കിലോക്ക് വില. വലിയുള്ളി, വെളുത്തുള്ളി തുടങ്ങിയവക്ക് നേരത്ത വർധിച്ച വില കുറഞ്ഞിട്ടില്ല. മുരിങ്ങക്കായ കിലോക്ക് 450 വരെയാണ് ഇപ്പോൾ ചില്ലറ വിപണിയിലെ വില. പാളയം മൊത്തവിപണിയിൽ 320 മുതൽ 350 വരെ നൽകണം. ഒരുകിലോ നേന്ത്രപ്പഴത്തിന് 70-75 രൂപ വേണം. മൊത്തവിപണയിൽ 60-65 ആണ് വിലയെന്നും ഇതിലും കൂടിയാൽ വാങ്ങാൻ ആളുണ്ടാവില്ലെന്നുകരുതിയാണ് ഈ വിലക്ക് വിൽക്കുന്നതെന്നും ചില്ലറ വ്യാപാരികൾ പറയുന്നു.
വില വിവരം
മുരിങ്ങ - 450
നേന്ത്രപ്പഴം - 70-75
പച്ചക്കായ - 50-60
തക്കാളി - 45-50
വലിയുള്ളി - 75-80
കാരറ്റ് - 80-90
ബീറ്റ് റൂട്ട് - 80-90
വെണ്ട - 60
കാബേജ് - 50
കൂർക്കൽ - 100
പാവക്ക - 40
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.