പത്തനംതിട്ട: പച്ചക്കറിക്ക് പൊള്ളുന്ന വില. വിപണിയിൽ വില നിയന്ത്രിക്കാൻ ഒരു ഇടപെടലും നടത്താൻ സർക്കാർ തയാറല്ല. പൊതുവിപണിയിൽ കൊള്ള തുടരുമ്പോഴും സർക്കാർ അലംഭാവം തുടരുകയാണ്.
മിക്ക ഇനങ്ങൾക്കും വ്യാപാരികൾ സ്വയം കൃത്രിമക്ഷാമം സൃഷ്ടിച്ചാണ് ജനത്തെ കൊള്ളചെയ്യുന്നത്. മത്സ്യം-ഇറച്ചി എന്നിവക്കും തീവിലയാണ്. ഏകീകൃത വില ഒരിടത്തും ഇല്ല. തമിഴ്നാട്ടില്‍ ഉല്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില വർധനക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട് മാര്‍ക്കറ്റുകളിൽ പച്ചക്കറി എത്തുന്നത് 60 ശതമാനം കുറഞ്ഞു. നേരത്തേ 30 രൂപയുണ്ടായിരുന്ന ഒരു കിലോ സവാളക്ക് 50 രൂപയായി, 15 രൂപയായിരുന്ന പടവലം 25ആയി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40ലെത്തി. 40 രൂപയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്.
25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ടക്ക 45 രൂപയിലെത്തി. 40 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി. പാവക്ക 100. മഴ കുറവായതിനാൽ പച്ചക്കറി ഉല്പാദനം കുറഞ്ഞതാണ് തിരിച്ചടിയെന്ന് പറയുന്നു.
ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ലാ പച്ചക്കറികൾക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പചക്കറിപോലെ മത്സ്യത്തിനും ഇറച്ചിക്കും വില കൂടിയിട്ടുണ്ട്, ഒരു കിലോ മത്തിക്ക് 400 രൂപയായിരുന്നു കഴിഞ്ഞ ദിവസം. മറ്റ് മീനുകൾക്കും ഇതേപോലെ വില കൂടി. കാള, പോത്തിറച്ചിക്കും വില കുത്തനെ ഉയർന്നു. 430 വരെയാണ് ജില്ലയിൽ മിക്ക സ്ഥലത്തും വില. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു.
കനത്ത ചൂടിൽ ഫാമുകളിലെ
കോഴികൾ കൂട്ടത്തോടെ ചത്തതാണ് വിലവർധനക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചിക്കന്‍ 185വരെയായിട്ടുണ്ട്. .തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്റെ വില 430 ആണിപ്പോൾ.
ആട്ടിറച്ചിക്ക് 950 രൂപയാണ്. ആന്ധ്ര, കർണാടക, ഒഡിഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കന്നുകാലികൾ കൂടുതൽ എത്തുന്നത്. എന്നാൽ, ഇവയുടെ വരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
ഇറച്ചി വിലകുത്തനെ കയറിയതോടെയാണ് മത്സ്യത്തിനും വില വർധിച്ചത്. കൂടാതെ ട്രോളിങ്ങുമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.