ചാവക്കാട്: തമിഴ്നാട് കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന പത്തംഗ സംഘത്തിലെ രണ്ടുപേരെ അകലാട് ബീച്ചിൽനിന്ന് പിടികൂടി. കൈപ്പമംഗലം കളപ്പുരയ്ക്കൽ അൻസാരി (37), ഇയാളുടെ സഹോദരൻ അക്ബർ (35) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസിന് കൈമാറിയത്.
കഴിഞ്ഞ മാസമാണ് തമിഴ്നാട്ടിലെ മധുക്കരയിൽനിന്ന് വനിത പൊലീസ് ഇൻസ്പെക്ടറുടെ അടക്കം കാറുകൾ മോഷ്ടിച്ചത്. കൂട്ടത്തിലെ ഒരാൾ അവിടെ പിടിയിലായതിനെ തുടർന്നാണ് അന്വേഷണം കേരളത്തിലേക്ക് നീണ്ടത്.
അജ്ഞാതരായ ചിലർ അകലാട് മൂന്നയിനിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രിയോടെയാണ് തമിഴ്നാട് പൊലീസ് വടക്കേക്കാട്ട് എത്തിയത്. മൂന്നയിനി ബീച്ചിൽ കാറ്റാടി മരങ്ങൾക്കിടയിൽ നിർമിച്ച ഏറുമാടത്തിലായിരുന്നു പ്രതികൾ തമ്പടിച്ചിരുന്നത്. പ്രതികളുടെ സഹോദരിയുടെ വീട് ഈ പ്രദേശത്താണ്.
രാത്രി എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു. സംഘം കൂടുതൽ മോഷണങ്ങൾ നടത്തിയെന്ന് സംശയിക്കുന്നതായി മധുക്കര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.