ലവ് ജിഹാദും മതംമാറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ സമുദായമെന്ന് വെള്ളാപ്പള്ളി

ചേർത്തല: ലവ് ജിഹാദും മതപരിവർത്തനവും ഏറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ സമുദായമാണെന്ന് എസ്.എൻ.ഡി.പി ‍യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിംകൾക്കിടയിൽ ഒരു ലവ് ജിഹാദ് നടക്കുമ്പോൾ മറുഭാഗത്ത് ഡസൻ കണക്കിനാണ് നടക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം ആരും പറയുന്നില്ല. ലൗവ് ജിഹാദ് പുതിയ കാര്യമല്ല. വർഷങ്ങൾക്ക് മുമ്പ് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും അന്ന് തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Full View

പണം, വീട്, ജോലി, വിവാഹ സഹായം എന്നിവ നൽകിയാണ് ക്രൈസ്തവ വിഭാഗത്തിലെ ചില വിഭാഗങ്ങൾ മത പരിവർത്തനം നടത്തുന്നത്. ക്രിസ്ത്യൻ മിഷനറിമാർ എത്രമാത്രം മതപരിവർത്തനമാണ് രാജ്യത്ത് നടത്തുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷം എന്ന് പറഞ്ഞു കൊണ്ട് രാജ്യത്തിന്‍റെ ഖജനാവ് മുഴുവൻ ചോർത്തുകയാണ്. സംഘടിത വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൽ കൂടുതലും ഈ വിഭാഗക്കാർ വാരി കൊണ്ടു പോവുകയാണ്. മറ്റ് പിന്നാക്ക, പട്ടികജാതി-വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം ചെയ്യുകയാണ്. ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെയും മുൾമുനയിൽ നിർത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഒരു വിഭാഗം പന പോലെ വളരുമ്പോൾ ഇവിടെ ഭൂരിപക്ഷ സമുദായത്തിലെ പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾ കറുക പോലെ കിടക്കുകയാണ്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെ കുരക്കുന്ന സ്ഥിതിയാണ്. പാണ്ഡിത്യമുള്ള ഫാ. റോയ് കണ്ണൻചിറ സംസ്കാരത്തിന് ചേർന്ന വാക്കുകളാണോ പറഞ്ഞതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മയക്കുമരുന്നിന്‍റെ പേര് പറഞ്ഞ് മുസ് ലിം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയായില്ല. മയക്കുമരുന്നിന്‍റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. സ്കൂൾ, കോളജ് പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപയുണ്ട്. വൈദികപട്ടം എന്തു പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Vellappally Natesan React to Pala Bishop Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.