കൊല്ലം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ വി.സി ആയി നിയമിക്കണമെന്ന ആവശ്യം നിരസിച്ച ഇടത് സർക്കാർ ശ്രീനാരായണ സമൂഹത്തിന്‍റെ കണ്ണിൽ കുത്തിയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങളെ അധികാരശ്രേണിയിൽ നിന്ന് ആട്ടിയകറ്റുന്ന പതിവ് സർക്കാർ തുടരുന്നത് അപലപനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേൽക്കാൻ കൊല്ലത്തെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തലസ്ഥാനത്ത് ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും ഗുരുദേവന്‍റെ പേരിൽ സർവകലാശാല സ്ഥാപിച്ചപ്പോഴും സമുദായവും പൊതുസമൂഹവും വളരെ ആഹ്ലാദിച്ചതാണ്. പക്ഷെ സർവകലാശാലയുടെ തലപ്പത്തെ നിയമനം സമുദായത്തെ നിരാശപ്പെടുത്തി. സർവകലാശാല സ്ഥാപിച്ചതിന്‍റെ ഉദ്ദേശ ലക്ഷ്യത്തെ കെടുത്തികളഞ്ഞ നടപടിയാണിത്. ഇടത് സർക്കാറിന്‍റെ പ്രതിച്ഛായക്ക് അത് മങ്ങലേൽപിച്ചെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന്‍റെ ആദ്യ അധ്യക്ഷന്‍റെ പേരിൽ സ്ഥാപിച്ച സർവകലാശാലയുടെ ആദ്യ വി.സിയായി ശ്രീനാരായണീയനെ നിയമിക്കാതെ മന്ത്രി കെ.ടി ജലീൽ വാശി കാണിച്ചത് എന്തിനെന്ന് അറിയില്ല. നവോഥാനം പ്രത്യേക മുദ്രാവാക്യമായി നടക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു -വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ശ്രീനാരായണീയർക്കും സമൂഹത്തിനും ഉണ്ടായ ഹൃദയവേദനയിൽ മന്ത്രി ജലീലും സർക്കാറും മറുപടി നൽകണം. മന്ത്രി ജലീലിന്‍റെ വാക്കിന് സർക്കാർ കീഴടങ്ങാൻ പാടില്ലായിരുന്നുവെന്നും പുത്തരിയിൽ കല്ല് കടിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. പി.ആർ മുബാറക് പാഷയെയും പ്രോ വൈസ് ചാൻസലറായി ഡോ. എസ്.വി സുധീറിനെയും ആണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.