വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ധ്രുവീകരണം ലക്ഷ്യമിട്ട് -കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകൾക്കെതിരെയും സുന്നികൾക്കെതിരെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനകൾ തെറ്റിദ്ധാരണാജനകവും സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ്. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ ബാധ്യതപ്പെട്ടവർ നിരുത്തരവാദ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം.

കേരളത്തിലെ മുസ്‌ലിംകൾ സർക്കാറിൽനിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായതുതന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമീഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽവെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുഇടത്തിൽ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവാദിത്ത ബോധമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശന് ബാധ്യതയുണ്ട്.

സുന്നി സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഒരു തുണ്ട് ഭൂമി പോലും സർക്കാറിൽ നിന്ന് കിട്ടിയിട്ടില്ല. ഈഴവ സമൂഹം ഉൾപ്പെടെ ഇതര സമുദായങ്ങൾക്ക് സർക്കാർ ഭൂമി പല ആവശ്യങ്ങൾക്കുവേണ്ടി നൽകിയിട്ടുണ്ട്. അതിൽ ആക്ഷേപമുന്നയിക്കാനോ അതുപയോഗിച്ച് സാമുദായിക ധ്രുവീകരണത്തിനോ സുന്നികൾ ശ്രമിച്ചിട്ടില്ല.

സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച്, കലക്കി മീൻ പിടിക്കാനുള്ള നിഗൂഢ നീക്കത്തിൽ നിന്ന് വെള്ളാപ്പള്ളി പിന്മാറണമെന്നും മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. യോഗത്തിൽ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.പി. സൈതലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Vellappally Natesan's statement aimed at polarization - Kerala Muslim Jamaat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.