മേപ്പാടി (വയനാട്): അതിജീവനത്തിന്റെ ചുവടുകളുമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്. നൂറുകണക്കിന് ജീവനുകൾക്കൊപ്പം 33 സഹപാഠികൾ നഷ്ടമായ വയനാട് മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ നടുക്കുന്ന ഓർമകളെ വകഞ്ഞുമാറ്റിയാണ്, ചൂരൽമല പുന്നപ്പുഴയുടെ തീരത്തെ വിദ്യാലയത്തിന്റെ ഓർമകളുമായി അവർ നൃത്തശിൽപം ഒരുക്കുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനുവരി നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പമാണ് ഈ വിദ്യാലയത്തിന്റെ ഇന്നലെകളും ദുരന്താനന്തരമുള്ള അതിജീവന സ്വപ്നവും പങ്കുവെക്കുന്ന നൃത്തശില്പം ചുവടുകളാവുക. സംഗീതം പകര്‍ന്നതും നൃത്തശില്പം ചിട്ടപ്പെടുത്തിയതും നൃത്തസംവിധായകൻ അനില്‍ വെട്ടിക്കാട്ടിരിയാണ്. നിലമ്പൂര്‍ വിജയലക്ഷ്മിയാണ് ആലാപനം. ഉരുൾ ദുരന്തത്തിന്റെ നേരനുഭവമുള്ളവരടക്കം ഹൈസ്കൂള്‍ വിഭാഗത്തിലെ ഏഴ് കുട്ടികൾ ചേർന്നാണ് നൃത്തമൊരുക്കുന്നത്.
ഇവരുടെ 33 സഹപാഠികളെയാണ് ജൂലൈ 30ന് ഇരുളിന്റെ മറവിൽ ഉരുൾ കവർന്നത്. പ്രിയപ്പെട്ട സ്കൂളും പ്രകൃതിക്കലിയിൽ ഇല്ലാതായി. നഷ്ടമായ ഉറ്റവരെയും അതിജീവന പാതയുമെല്ലാം വിഷയമാക്കിയാണ് നൃത്തശിൽപമൊരുങ്ങുന്നത്. ജില്ല കലോത്സവത്തിൽ നൃത്തമവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയുടെ ഉദ്ഘാടന വേദിയിലും എത്തുന്നത്. ‘വെള്ളാർമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ..’ എന്നു തുടങ്ങുന്ന വരികളിൽ ഇന്നലെയുടെ സൗന്ദര്യവും ദുരന്തങ്ങളുടെ നടുക്കുന്ന ഓർമകളും അതിജീവന സ്വപ്നങ്ങളുമെല്ലാമുണ്ട്. ദുരന്ത ബാധിതരുടെ അതിജീവന പോരാട്ടം കൗമാര കലോത്സവ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മേപ്പാടിയിൽ പ്രവർത്തിക്കുന്ന വെള്ളാർമല ജി.വി.എച്ച്.എസിലെ വിദ്യാർഥികളും അധ്യാപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.