കൊച്ചി: പാലക്കാട്ടെ വാളയാർ പീഡന കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഇവർക്കെതിരെ ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. എറണാകുളം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി.ബി.ഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് ഇവരെ പ്രതി ചേർത്തത്. ബലാത്സംഗം അറിഞ്ഞിട്ടും മാതാപിതാക്കൾ മറച്ചുവെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിശദമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ വിചിത്രമായ കുറ്റപത്രമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
രണ്ടു പെൺകുട്ടികളും പീഡനത്തിന് ഇരയായ വിവരം ഇരുവർക്കും അറിയാമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നു. നേരത്തേ സാക്ഷികളായിരുന്ന മാതാപിതാക്കളെ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതികളാക്കിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പാലക്കാട്: വാളയാര്‍ കേസ് സി.ബി.ഐ അട്ടിമറിച്ചെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ. മാതാപിതാക്കളായ തങ്ങളെയും പ്രതിചേര്‍ത്ത നടപടി നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.
സി.ബി.ഐക്ക് യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തങ്ങളെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരിക്കുന്നത്. സി.ബി.ഐ വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് സത്യസന്ധമായി തെളിയുമായിരുന്നു. 2017 ജനുവരിയില്‍ മൂത്ത മകള്‍ മരിച്ച സമയത്ത് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടും തങ്ങള്‍ മറച്ചുവെച്ചെന്നാണ് സി.ബി.ഐ പറയുന്നത്. അന്ന് ആ വിവരമറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ട ഗതികേട് എനിക്കുണ്ടാകില്ലായിരുന്നെന്ന് അമ്മ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് കുട്ടികള്‍ പീഡനത്തിനിരയായ വിവരമറിയുന്നത്. മൂത്തമകളുടെ മരണശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി പല തവണ സ്റ്റേഷനിൽ കയറിയിറങ്ങി. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്ന് മടക്കിയയച്ചു. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഒരുമിച്ച് നല്‍കിയത്. രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടെന്നാണ് അതില്‍ പറയുന്നത്.
ഈ കേസ് ഒരിക്കലും തെളിയാന്‍ പാടില്ലെന്നാണ് സി.ബി.ഐയുടെ ആവശ്യം. അതിനാലാണ് അവസാനഘട്ടത്തില്‍ അച്ഛനെയും അമ്മയെയും പ്രതിചേര്‍ത്ത് നാടകവുമായി സി.ബി.ഐ ഇറങ്ങിയിരിക്കുന്നത്. യഥാര്‍ഥ പ്രതികളിലേക്കെത്താന്‍ അവർ ശ്രമിച്ചില്ല.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. അവരെ കൊന്നതാണെന്ന് ഈ ലോകത്തോട് പറയണം. ഞങ്ങള്‍ കുറ്റവാളികളല്ലെന്ന് തെളിയിക്കണം. നിയമപോരാട്ടം തുടരും -അവർ പറഞ്ഞു.
പാലക്കാട്: വാളയാർ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം യഥാർഥ പ്രതികളെ രക്ഷിക്കാനും മാതാപിതാക്കളെ പീഡിപ്പിക്കാനുമാണെന്ന് വാളയാർ നീതിസമര സമിതി ആരോപിച്ചു.
പാലക്കാട് കോടതിയിൽനിന്ന് കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത് എന്തിനെന്നതിന് ഒരു വിശദീകരണവും നൽകുന്നില്ല. ഇരകൾക്ക് സ്വീകാര്യനായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം തള്ളി കുടുംബത്തിന്റെ സമ്മതമില്ലാതെ മറ്റൊരു അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിച്ചതിലും ദുരൂഹതയുണ്ട്.
കേസ് അട്ടിമറിക്കാൻ സി.ബി.ഐക്കുമേൽ സമ്മർദം ചെലുത്തുന്ന ചില അഭിഭാഷകരാണ് സി.ബി.ഐയുടെ സ്റ്റാൻഡിങ് കൗൺസിൽ എന്നും ഭാരവാഹികളായ വിളയോടി വേണുഗോപാൽ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പറഞ്ഞു.
പാലക്കാട്: വാളയാർ കേസിൽ മാതാപിതാക്കളെ പ്രതിയാക്കിയ സി.ബി.ഐ കുറ്റപത്രത്തെ സ്വാഗതംചെയ്യുന്നതായി നീതി സമരസമിതി ഭാരവാഹികൾ അറിയിച്ചു. നീതി സമരസമിതിയാണ് സി.ബി.ഐ ഓഫിസ് മാർച്ച് ഉൾപ്പെടെ നടത്തി, സി.ബി.ഐക്ക് തെളിവുകളും മൊഴികളും നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ ചേർത്തതെന്നും ചെയർമാൻ എം.എം. കബീർ, കൺവീനർ റെയ്മണ്ട് ആന്റണി എന്നിവർ അറിയിച്ചു. സി.ബി.ഐക്ക് അഭിവാദ്യമർപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജാഥ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.