വെള്ളിമാട്കുന്ന്: മേരിക്കുന്നിലെ ഹോളി റെഡീമർ ചർച്ചിൽ തീപിടിത്തം. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് പള്ളിയുടെ മുഖ്യകവാടത്തിനു സമീപം പ്രാർഥനാ ഹാളിനു താഴെ തീപിടിത്തമുണ്ടായത്. പള്ളിയുടെ താഴെ നിലയിൽനിന്ന് തീയാളുന്നത് കണ്ട നാട്ടുകാർ വെള്ളിമാടുകുന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി എേട്ടാടെ പള്ളിയും ഗേറ്റും പൂട്ടിയതിനാൽ അകത്തുകടക്കാൻ കഴിയാതിരുന്ന അഗ്നിശമന വിഭാഗം ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. മുകൾഭാഗത്തേക്ക് തീപടരുന്നത് തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
തീപിടിത്തത്തിൽ കൽക്കുരിശിനു സമീപത്തെ ചെറുരൂപങ്ങളും സി.സി.ടിവിയും ഒന്നര ലക്ഷം രൂപ വിലയുള്ള എൽ.ഇ.ഡി സ്ക്രീനും ടി.വിയും അലങ്കാര ഗ്ലാസുകളും കത്തിനശിച്ചു. തേക്കിൽ തീർത്ത ഭാഗങ്ങൾ കത്തിയിട്ടുണ്ട്. ബാൽക്കണിയിൽ പുകയും തീയും ഉയർന്നതിനാൽ തീയണക്കാൻ പ്രയാസമായി. ഫയർഫോഴ്സെത്തി മെയിൻ സ്വിച്ച് ഒാഫാക്കുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർഥികളും വികാരിമാരും സന്ന്യാസിനികളും നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിനെത്തി. മെഴുകുതിരിയിൽ നിന്നുള്ള തീയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നുവെങ്കിലും പള്ളി അധികൃതർ നിഷേധിച്ചു.
അപകടകാരണം വ്യക്തമല്ലെന്ന് ഫയർ അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച സി.സി. ടി.വി ദൃശ്യങ്ങൾ പതിഞ്ഞ സെർവർ പരിശോധിച്ചാൽ അപകടവിവരം അറിയാമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിമാടുകുന്നിൽനിന്ന് ഫയർ ഒാഫിസർ ബാബുരാജ്, ലീഡിങ് ഫയർമാൻ കമലാക്ഷൻ ഫയർമാന്മാരായ സുജിത്ത്, ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ മൂന്നു യൂനിറ്റുകളെത്തി പത്തേകാലോടെയാണ് തീയണച്ചത്. ഇൗ വർഷം ഏപ്രിൽ 19നായിരുന്നു പള്ളി വെഞ്ചരിപ്പ്. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ വയനാട് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. ചേവായൂർ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.