കണ്ണൂർ: ആർ.എസ്.എസ് താത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കറുടെ ‘വിചാരധാര’യിലെ പരാമർശങ്ങളെ ന്യായീകരിച്ച് തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിൽ പുനർവിചാരം.
സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വാചകങ്ങളാണ് പ്രചരിക്കുന്നതെന്നും ‘വിചാരധാര’യിലെ വിവാദ പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ബിഷപ് ഹൗസ് വ്യക്തമാക്കി. റബർ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബിഷപ് മാധ്യമങ്ങളോട് സംസാരിക്കാറുള്ളതെന്നും അതിനിടെവന്ന ചില ചോദ്യങ്ങളിലെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും ബിഷപ് ഹൗസ് വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു
‘വിചാരധാര’യിൽ പറയുന്ന കാര്യങ്ങൾ അന്നത്തെ സാഹചര്യമാണെന്നും അത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നുമാണ് ആർച് ബിഷപ്പിന്റേതായി കഴിഞ്ഞ ദിവസം വന്ന വിവാദ പരാമർശം. ക്രിസ്ത്യൻ സഭകളുമായി ബി.ജെ.പി നടത്തുന്ന ചർച്ചകളെ കോൺഗ്രസും സി.പി.എമ്മും ഉൾപ്പടെയുള്ളവർ ‘വിചാരധാര’ ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്ന വേളയിലാണ് എല്ലാവരെയും ഞെട്ടിച്ച് ബിഷപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. വിമർശനത്തെ പ്രതിരോധിക്കാൻ ബി.ജെ.പി നേതാവ് എം.ടി. രമേശ് നടത്തിയ പ്രസ്താവനയുടെ തനിയാവർത്തനം ബിഷപ്പിലൂടെ പുറത്തുവന്നതാണ് ഏറെ ആശ്ചര്യകരം.
വിചാരധാരയിലെ പരാമർശങ്ങൾക്ക് കാലികപ്രസക്തിയില്ലെന്നായിരുന്നു എം.ടി. രമേശ് പറഞ്ഞത്. റബർ വിലയിൽ തുടങ്ങി സംഘ്പരിവാറിന്റെ ചട്ടുകമായി മാറുന്നുവെന്ന് ആരോപിച്ച് തലശ്ശേരി ആർച് ബിഷപ്പിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. മാർ പാംപ്ലാനി സംഘ്പരിവാറിനേക്കാൾ തരംതാഴുന്നുവെന്നാണ് അൽമായ മുന്നേറ്റം എറണാകുളം അതിരൂപതയുടെ വിമർശനം. ബിഷപ്പിനെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്.
ബിഷപ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഒഡിഷയിൽ ചുട്ടുകൊല്ലപ്പെട്ട ഗ്രഹാംസ്റ്റെയിൻസിന്റെയും കുടുംബത്തിന്റെയും ജയിലിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെയും ഫോട്ടോസഹിതമാണ് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് കുറിപ്പിട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും രാഷ്ട്രത്തിന്റെ ആന്തരിക ശത്രുക്കളാണെന്ന ‘വിചാരധാര’യിലെ വചനവും ബിഷപ്പിനെ ഐസക് ഓർമപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.