കൊച്ചി: കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന സ്പെഷൽ പ്രോസിക്യൂട്ടറുടെ ഹരജിയെത്തുടർന്ന്, യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തി.
ഈ മാസം 14ന് സാക്ഷിവിസ്താരത്തിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങളടക്കം ചൂണ്ടിക്കാട്ടിയുള്ള ഹരജി വന്നതോടെ അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സാക്ഷിവിസ്താരം അടക്കം മുഴുവൻ നടപടികളും നിർത്തിവെക്കുകയായിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ ഹാജരാകാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിെൻറ ഹരജി അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി.
നടിക്ക് കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും വിചാരണ തടസ്സപ്പെടുത്തുന്ന ഘടകങ്ങളേെറയുണ്ടെന്നും ആരോപിച്ചാണ് ഹരജി. തനിക്കെതിരായ പരാമർശങ്ങൾ അവാസ്തവവും അനവസരത്തിലുള്ളതുമാണ്. സാക്ഷിയുടെ ചീഫ് വിസ്താരം കഴിഞ്ഞ് ലഭിച്ച അജ്ഞാത കത്ത് വായിച്ചശേഷമാണ് കോടതിയുടെ പരാമര്‍ശങ്ങളുണ്ടായത്.
ഈ സമയം പ്രോസിക്യൂട്ടര്‍ കോടതിയിലുണ്ടായിരുന്നില്ല. ഇരക്ക് നീതി ലഭിക്കുന്നതിന് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങള്‍ നടക്കുകയാണ്.
എട്ടാം പ്രതി നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19ന് നല്കിയ ഹരജി ഇതുവരെ പരിഗണിച്ചിട്ടില്ല. മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈകോടതിയെ സമീപിക്കുന്നതുവരെ വിചാരണ നിര്‍ത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രധാന സാക്ഷികളുടെ വിസ്താരം ഏറെയും പൂർത്തിയായിരുന്നു.
സുപ്രീംകോടതി നിർദേശപ്രകാരം അതിവേഗം വിചാരണ പുരോഗമിക്കവേയാണ് ഇപ്പോൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. അടുത്തദിവസം ഹരജി പരിഗണിച്ച ശേഷമാവും കോടതി അന്തിമ തീരുമാനമെടുക്കുക. ഇതിനിടെ, കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പ്രോസിക്യൂഷൻ ഡയറക്ടറുമായി സ്പെഷൽ പ്രോസിക്യൂട്ടർ ഇത് സംബന്ധിച്ച് ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.