വൈദേകം: ഇ.പി. ജയരാജനെതിരെ വിജിലന്‍സും ഇ.ഡിയും കേസെടുക്കണം -കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും ഇടതുപക്ഷ കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി റിസോര്‍ട്ടിന്റെ മറവില്‍ വിദേശത്തുനിന്ന് കോടികള്‍ ഒഴുകിയെത്തിയെന്ന പരാതി ഇ.ഡിക്കു മുന്നിലുണ്ട്. റിസോര്‍ട്ടില്‍ നാലു ലക്ഷം മുതല്‍ മൂന്നു കോടി രൂപവരെ മുടക്കിയ 20 പേരുടെ വിവരങ്ങളും ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല. ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോര്‍ട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങള്‍ ഒഴുകിവന്നതും. ഔദ്യോഗിക പദവി ദുരുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയാണ് നിക്ഷേപം വാങ്ങിയതെന്ന് ആക്ഷേപമുണ്ട്.

കുടുംബത്തിന്റെ വക റിസോര്‍ട്ടിനുവേണ്ടി നേരിട്ടും പരോക്ഷമായും നടത്തിയ ഇടപെടല്‍ അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ കേസെടുക്കേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. പവിത്രമായ എന്നര്‍ഥമുള്ള വൈദേകം ഇന്ന് നിയമലംഘനങ്ങളുടെയും അഴിമതിയുടെയും ഔദ്യോഗികപദവി ദുരുപയോഗത്തിന്റെയും ലക്ഷണമൊത്ത പഞ്ചനക്ഷത്ര റിസോര്‍ട്ടാണ്. ഇതു സംബന്ധിച്ച് ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി നൽകിയപ്പോള്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

പാര്‍ട്ടിക്ക് സ്വന്തം കോടതിയും അന്വേഷണ ഏജന്‍സികളും ഉണ്ടെങ്കിലും വൈദേകം അഴിമതിയെക്കുറിച്ച് അന്വേഷിച്ചതേയില്ല. വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുമതി നൽകിയില്ല. പത്തേക്കര്‍ കുന്നിടിച്ചുള്ള നിര്‍മാണത്തിന് സി.പി.എം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ ചെയര്‍പേഴ്‌സണായിരുന്ന ആന്തൂര്‍ നഗരസഭ പച്ചക്കൊടി കാട്ടി. ഇതേ നഗരസഭയാണ് നിസാരകാരണം പറഞ്ഞ് പ്രവാസിയുടെ ഓഡിറ്റോറിയത്തിന് കെട്ടിട നമ്പര്‍ നൽകാതിരുന്നതും തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തതും.

കുന്നിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനത്തില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കലക്ടര്‍ക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപടി ഉണ്ടായില്ല. റിസോര്‍ട്ടിനെതിരേ വലിയ പ്രതിഷേധം ഉണ്ടായെങ്കിലും പ്രതിഷേധമില്ലെന്നാണ് തഹസീല്‍ദാര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നൽകിയത്. ഷുഹൈബ് വധത്തില്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നെങ്കിലും അതും വൈദേകം ഇടപാടുപോലെ പാര്‍ട്ടി സംവിധാനത്തില്‍ ഒതുക്കിത്തീര്‍ത്തു.

കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യം വിളിച്ച് പറഞ്ഞാല്‍ സി.പി.എം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ലെന്നു തില്ലങ്കേരി ഭീഷണി മുഴക്കിയപ്പോള്‍ അയാളെ വീണ്ടും ജയിലിലടച്ച് നിശബ്ദനാക്കി. തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്. ഞങ്ങളുടെ കുട്ടികളുടെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യുമെന്നു സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Videkam: Vigilance and ED file a case against E.P. Jayarajan -K. Sudhakaran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.