വിജിലൻസ് പരിശോധന: മൂന്ന് എ.എം.വി.ഐമാർക്ക് സസ്പെൻഷൻ

കോഴിക്കോട്: ആർ.ടി.ഒ ഓഫിസ് ഇടപാടുമായി ബന്ധപ്പെട്ട് കടയിൽനിന്ന് രേഖകളും പണവും പിടികൂടിയ സംഭവത്തിൽ മൂന്ന് എ.എം.വി.ഐമാർക്ക് സസ്പെൻഷൻ. വെള്ളിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയിൽ കോഴിക്കാട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് കീഴിലെ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽനിന്ന് 1,59,390 രൂപയും ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകളും പിടികൂടിയ സംഭവത്തിലാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നടപടി. എ.എം.വി.ഐമാരായ ഷൈജൻ, ശങ്കർ, വി.എസ്. സജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലും ഡ്രൈവിങ് ടെസ്റ്റ്, വാഹന രേഖ പുതുക്കൽ ഉൾപ്പെടെ സേവനം നടത്തുന്ന വകുപ്പിലും അഴിമതി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ചേവായൂർ ആർ.ടി.ഒ മൈതാനത്തിന് മുൻവശത്തെ ആർ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഓട്ടോ കൺസൽട്ടന്റിന്റെ കടയിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സൂക്ഷിക്കേണ്ട രേഖകൾ കടയിൽനിന്ന് കണ്ടെത്തിയത് ഗുരുതര കുറ്റമാണെന്നാണ് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. രേഖകൾ മൂവ്മെന്റ് രജിസ്റ്ററിൽ ചേർക്കാതെ കടത്തുന്നത് നിയമവിരുദ്ധമാണ്. മത്സ്യത്തൊഴിലാളിയുടെ വാഹനരേഖ ഉൾപ്പെടെ കടയിൽനിന്ന് കണ്ടെടുത്തതോടെ ഇയാളെ സ്വാധീനിക്കാൻ ചില മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നീക്കം നടത്തുന്നുണ്ട്. പരിജ്ഞാനമില്ലാത്തതിനാലാണ് ഏജന്റിനെ സമീപിച്ചതെന്ന് ഇയാളിൽ നിന്ന് എഴുതി വാങ്ങി കുരുക്കിൽനിന്ന് രക്ഷപ്പെടാനാണ് നീക്കം.

Tags:    
News Summary - Vigilance check: Suspension of three AMVI marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.