തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 150 കോടി കൈപ്പറ്റിയെന്ന പി.വി. അൻവറിന്‍റെ നിയമസഭയിലെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസ് എം. നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കിയത്. വിജിലൻസ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിനാണ് അന്വേഷണ ചുമതല.
വി.ഡി. സതീശനെതിരെ ഗുരുതര ആരോപണമാണ് പി.വി. അൻവർ എം.എൽ.എ നിയമസഭയിൽ നടത്തിയിരുന്നത്. കണ്ടെയ്നർ ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായി ചേറ്റുവ കടപ്പുറത്ത് എത്തിച്ചതെന്നും അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുക്കളുടെ അടുത്തെത്തിച്ചെന്നും കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നുമാണ് അൻവർ ആരോപിച്ചത്. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയതോടെ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർക്കുകയായിരുന്നു. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി. സതീശനെ ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നെന്നും അൻവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.