പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിൽ വിജിലൻസ് പരിശോധന; 'ഓപറേഷൻ ജ്യോതി'യിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ 'ഓപറേഷൻ ജ്യോതി' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അപേക്ഷകളിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളിലും ക്രമവിരുദ്ധ നടപടികൾ നടക്കുന്നുവെന്ന് വ്യക്തമായി.

ഡി.ഇ.ഒ ഓഫിസുകളിൽ ജീവനക്കാരുടെ സർവിസ് സംബന്ധമായി പ്രതിമാസം 200 മുതൽ 300 വരെ അപേക്ഷകൾ ലഭിക്കുന്നുണ്ടെങ്കിലും പത്ത് ശതമാനം മാത്രമേ സമയബന്ധിതമായി തീർപ്പാക്കാറുള്ളൂവെന്നും ബാക്കിയുള്ളവ വിവിധ കാരണങ്ങൾ പറഞ്ഞ് അഴിമതിക്കായി താമസിപ്പിക്കാറുള്ളതായും കണ്ടെത്തി. എയ്ഡഡ് സ്കൂൾ ഉദ്യോഗസ്ഥരുടെ വാർഷിക ഇൻക്രിമെന്‍റ്, ഇൻക്രിമെന്‍റ് അരിയർ, ഡി.എ അരിയർ എന്നിവ അനുവദിക്കുന്നതിലും താമസം വരുത്തുകയാണ്. സ്കൂളുകളിലെ ഓഫിസ് അറ്റന്‍റർമാർ വഴി കൈക്കൂലി നൽകുന്ന അപേക്ഷകളിൽ മാത്രം വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നു. എയ്ഡഡ് സ്കൂളുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് ചില ഉദ്യോഗസ്ഥർ ഒത്താശനൽകുന്നതായും കണ്ടെത്തി.

ലീവ് വേക്കൻസി നിയമനം, സ്ഥലംമാറ്റത്തെ തുടർന്ന് ഉണ്ടാകുന്ന ഒഴിവുകൾ, തസ്തിക സൃഷ്ടിക്കൽ, എയ്ഡഡ് സ്കൂൾ ഉദ്യോഗസ്ഥരുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലും അഴിമതിക്കായി ചില ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നതായി തെളിവ് ലഭിച്ചു. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ഐ.ജി എച്ച്. വെങ്കിടേഷി‍െൻറ നിർദേശാനുസരണമായിരുന്നു റെയ്ഡ്. ഇന്‍റലിജൻസ് വിഭാഗം എസ്.പി ഇ.എസ്. ബിജുമോ‍െൻറ മേൽനോട്ടത്തിൽ വിജിലൻസ് എസ്.പിമാരായ കെ.ഇ. ബൈജു, അജയകുമാർ, ജയശങ്കർ, ഹിമേന്ദ്രനാഥ്, വിനോദ് കുമാർ, സജീവൻ, മൊയ്ദീൻകുട്ടി, ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  

Tags:    
News Summary - Vigilance inspection at public education department offices; Widespread irregularities found in 'Operation Jyoti'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.