സംസ്ഥാനത്തെ തിയേറ്ററുകളിൽ വിജിലൻസ് റെയ്ഡ്

കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സർക്കാറിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ തീയേറ്ററുകളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. സിനിമാ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്‍റെ നീക്കമാണ് വിജിലന്‍സ് ഇടപെടലിന് വഴിവച്ചത്.

സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്‌സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാറിലേക്ക് അടക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് റെയ്ഡ്.

സംസ്ഥാനത്ത് സിനിമാ സമരത്തിന് നേതൃത്വം നല്‍കുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലുള്ള തിയേറ്റര്‍ കോംപ്ലെക്‌സില്‍ ഉള്‍പ്പെടെ വിജിലന്‍സ് റെയ്ഡ് നടത്തുന്നുണ്ട്. ലിബര്‍ട്ടി പാരഡൈസ് തിയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും ചിലര്‍ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, തീയേറ്ററുകളിൽ പരിശോധന നടത്തി ഭയപ്പെടുത്തേണ്ടത് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതാവ് ലിബർട്ടി ബഷീർ പറഞ്ഞു. തീയേറ്ററുകളിൽ എന്തെങ്കിലും അപാകതകൾ കണ്ടെത്തിയാൽ സംഘടനയിലെ സ്ഥാനം രാജി വെക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വരുമാനവിഹിതം 40ൽ നിന്ന് 50 ശതമാനമാക്കണമെന്ന ഫെഡറേഷന്‍റെ ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിനിധികൾ അറിയിച്ചിരുന്നു. കഴിയില്ലെന്ന കർശന നിലപാട് നിർമ്മാതാക്കളും സ്വീകരിച്ചതോടെ ഫെഡറേഷൻ പ്രതിനിധികൾ ചർച്ചയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

 

Tags:    
News Summary - vigilance raid theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.