തിരുവനന്തപുരം: പ്രചാരണരംഗത്ത് കോൺഗ്രസും ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടും തമ്മിലെ ബന്ധം ഉന്നയിച്ചുതന്നെ മുന്നോട്ടുപോകാൻ സി.പി.എം. കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെക്കുറിച്ച സംസ്ഥാന സെക്രട്ടറിയുടെ വിമർശനം ഉയർത്തിയുള്ള യു.ഡി.എഫ് പ്രചാരണത്തിന് മറുപടി നൽകും. കോൺഗ്രസ് നേതൃത്വവും ഒരുവിഭാഗം മാധ്യമങ്ങളും ശബരിമല വിഷയം ചർച്ചയാക്കിയ സാഹചര്യത്തിലാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ കൂട്ടുകെട്ട് നിഷേധിക്കുന്ന കോൺഗ്രസ് നേതൃത്വം ലീഗ് വഴി ബന്ധം ഉറപ്പിക്കുകയാണെന്ന വിലയിരുത്തലാണ് ചൊവ്വാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിലുണ്ടായത്. കോൺഗ്രസ് നേതൃത്വം പരസ്യമായി ഒന്ന് പറയുകയും രഹസ്യമായി മറ്റൊന്ന് ചെയ്യുകയുമാണെന്ന് വിശദീകരിക്കുകയാണ് വിജയരാഘവൻ ചെയ്തത്.
ഇതിനെ വളച്ചൊടിക്കുകയാണ് യു.ഡി.എഫ് നേതൃത്വമെന്നും അത്തരം ചർച്ചകൾക്ക് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും ധാരണയായി. ലീഗ് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നിടത്തോളം കാലം ജനാധിപത്യരീതിയിൽ വിമർശിക്കും. അതിനെ സമുദായ വിമർശനമായി ചിത്രീകരിക്കുന്നതിനെ തുറന്നുകാട്ടും.
ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരായ സംവാദം പാണക്കാട് കുടുബത്തിനെതിരായ വിമർശനമാക്കി ചുരുക്കാനാണ് യു.ഡി.എഫ് ശ്രമമെന്ന് യോഗം വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിെക്കതിരായ വിമർശനം ന്യൂനപക്ഷ സമൂഹെത്ത എതിരാക്കുമെന്ന ആക്ഷേപം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ മുസ്ലിംകളുടെ പൊതുധാരയുമായി യോജിച്ച് പോകുന്നതല്ലാത്തതിനാൽ ജമാഅത്ത് നിലപാടുകൾക്ക് സ്വീകാര്യത ലഭിക്കില്ലെന്ന അഭിപ്രായവും ചില അംഗങ്ങൾ പ്രകടിപ്പിച്ചു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന വിമർശനത്തിൽ സംവാദത്തിനില്ല. എന്നാൽ, സുപ്രീംകോടതി എടുക്കുന്ന എന്ത് തീരുമാനവും ബന്ധപ്പെട്ട എല്ലാവരുമായി ആലോചിച്ച് നടപ്പാക്കുമെന്ന നിലപാട് വിശദീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.