മണ്ണാര്‍ക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‍കുമാറിനെ സസ്പെൻഡ് ചെയ്തു. അതേസമയം, തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും വീട് വെക്കാനാണ് പണംസ്വരൂപിച്ചതെന്നുമാണ് സുരേഷ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറിൽ നിന്നാണ് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗരമധ്യത്തിൽ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍. ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയിൽ ഇയാൾ താമസിക്കുന്ന ഒറ്റമുറിയിൽനിന്നാണ് വൻതുക കണ്ടെത്തിയത്.
മുറിയിൽ 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.