തിരുവനന്തപുരം: ചാനൽ ചർച്ചയിലെ പരാമർശത്തിന്‍റെ പേരിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയറ്റ് എഡിറ്റർ വിനു വി. ജോൺ പൊലീസിൽ ഹാജരായി മൊഴി നൽകി. തന്‍റെ പരാമർശത്തിന്‍റെ പൂർണ രൂപമടങ്ങിയ വിഡിയോ ക്ലിപ്പുകളും വിനു പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്.
മൊഴി നൽകാൻ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയ നോട്ടീസിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് 28ന് ട്രേഡ് യൂനിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമസംഭവങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിലെ പരാമർശത്തിന്‍റെ പേരിലാണ് കേസ്. പണിമുടക്ക് നടന്ന രണ്ടു ദിവസവും സംസ്ഥാനത്തിന്‍റെ പല ഭാഗത്തും സാധാരണക്കാർ ആക്രമിക്കപ്പെട്ടിരുന്നു.
വിഷയം വലിയ വാർത്തയാകുകയും ട്രേഡ് യൂനിയനുകൾക്കെതിരെ ജനരോഷമുയരുകയും ചെയ്തപ്പോൾ നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നെന്ന പരിഹാസമാണ് എളമരം കരീമിൽ നിന്നുണ്ടായത്. ഇതിനെതിരെ ന്യൂസ് അവറിൽ വിനു വി. ജോൺ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് കേസ്.
വ്യക്തിപരമായി അപമാനിക്കുന്നതാണ് വിനുവിന്‍റെ പരാമർശമെന്നാണ് പരാതി. ഇടതുസംഘടനകൾ വിനുവിന്‍റെ വീടിന് സമീപത്തുൾപ്പെടെ പോസ്റ്റർ ഒട്ടിക്കുകയും ഏഷ്യാനെറ്റിലേക്ക് ട്രേഡ് യൂനിയനുകൾ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.