കോഴിക്കോട്: ഈരാറ്റുപേട്ടയിൽ ഒരുസംഘം വിദ്യാർഥികളുടെ അതിക്രമം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ സമ്മർദത്തിലായി സി.പി.എം. മുസ്ലിം വിഭാഗക്കാരാണ് അക്രമകാരികളെന്നും ചെയ്തത് തെമ്മാടിത്തമാണെന്നുമുള്ള പരാമർശമാണ് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ പാർട്ടിക്ക് തലവേദനയായത്. സമസ്തയിലെ ഒരുവിഭാഗം ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നത് തെരഞ്ഞെടുപ്പിൽ മുതലാക്കാൻ തന്ത്രം ആവിഷ്കരിക്കുമ്പോൾ, അതിനെ കാറ്റിൽപറത്തുംവിധം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ സി.പി.എം കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കി. അതിനിടെ, മുഖ്യമന്ത്രിക്കെതിരെ സമസ്ത പത്രം ‘സുപ്രഭാതം’ രൂക്ഷ വിമർശനമുയർത്തി രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതായില്ലെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരും ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫ്’ മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങൾ. സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പിലാകാത്തത്, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാഴായത്, മുസ്ലിം സംവരണം നഷ്ടമാകുന്ന അവസ്ഥ തുടങ്ങി പത്തോളം പ്രശ്നങ്ങൾ ഉന്നയിച്ച കൂട്ടത്തിലാണ് ഈരാറ്റുപേട്ട പ്രശ്നവും താൻ പരാമർശിച്ചത്. അതിന് മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെങ്കിൽ തനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ, ഈരാറ്റുപേട്ടയിലെ നാട്ടുകാരും കേരള കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവരും മറിച്ച് പറയുമ്പോൾ നിജസ്ഥിതി വ്യക്തമാകേണ്ടതുണ്ട്.
ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടിയിൽ, തന്നെപ്പോലുള്ള സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെ ധാരണ വെച്ചുപുലർത്തരുതെന്നും മുസ്ലിംകൾ മാത്രമാണ് അക്രമികളെന്നും തെമ്മാടിത്തമാണ് നടന്നതെന്നുമൊക്കെയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സംഘ്പരിവാറിന് ചൂട്ടുപിടിക്കുകയാണെന്ന ശക്തമായ വിമർശനമുയർത്തിയാണ് ‘സുപ്രഭാതം’ രംഗത്തുവന്നത്. വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയെന്ന് മുഖപ്രസംഗത്തിൽ പത്രം കുറ്റപ്പെടുത്തി.
നാട്ടിൽ വാഹനാപകടമുണ്ടായാലും അതിർത്തി തർക്കമുണ്ടായാലും വ്യക്തികൾ തമ്മിൽ പ്രശ്നമുണ്ടായാലും അതിലൊക്കെ മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴാൻ പാടില്ലായിരുന്നു. ഇസ്ലാമോഫോബിയ എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും പത്രം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.