കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ജില്ല വരണാധികാരി കൂടിയായ കലക്ടർ വിശദീകരണം തേടി. തിങ്കളാഴ്ച വൈകീട്ട് നളന്ദ ഓഡിറ്റോറിയത്തിൽ സ്പോർട്സ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തുവന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസ്വാധീനം ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് മാർച്ച് 30ന് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ആദ്യം പരിപാടി നിശ്ചയിച്ചത്.
ജില്ല കലക്ടർ ചെയർമാനായ സ്പോർട്സ് കൗൺസിൽ രാഷ്ട്രീയ പരിപാടി സംഘടിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വിവാദമായതോടെ പരിപാടി നളന്ദയിലേക്ക് മാറ്റി. ഈ പരിപാടിക്കെതിരെയും ഞായറാഴ്ച റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകി. കമീഷൻ നിയോഗിച്ച വിഡിയോഗ്രാഫർ മന്ത്രിയുടെ പ്രസംഗം പകർത്താൻ ആരംഭിച്ചത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലിന്റെ ശ്രദ്ധയിൽപെട്ടു. ഇദ്ദേഹം സ്ഥാനാർഥി എളമരം കരീമിന് വിഡിയോ ഗ്രാഫറെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് എളമരം കരീമും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പ്രദീപ് കുമാറും മറ്റൊരാളും ചേർന്ന് വിഡിയോ ഗ്രാഫറെ ഗ്രീൻ റൂമിലേക്ക് മാറ്റുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രാഫർ പുറത്തേക്ക് വന്ന് ഒപ്പം വന്ന മറ്റൊരാളെയും അകത്തേക്ക് വിളിച്ചുകൊണ്ടുപോയി. മന്ത്രിയുടെ പ്രസംഗത്തിനുശേഷമാണ് ഇവർ പുറത്തേക്കുവന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച വിഡിയോഗ്രാഫറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും റെക്കോഡ് ചെയ്ത ഭാഗം ഭീഷണിപ്പെടുത്തി നീക്കം ചെയ്തുവെന്നുമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.