തൃശൂർ: ട്രെയിനിൽ പിതാവിനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ പ്രതികളെ കണ്ടെത്തനായില്ല. സംഭവം എറണാകുളം ജില്ല അതിർത്തിയിലായതിനാൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. പ്രതികൾ സീസണ് ടിക്കറ്റുപയോഗിച്ച് സ്ഥിരം യാത്ര നടത്തുന്നവരാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവേ പൊലീസ് തൃശൂരിലെത്തി കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്തു. അതേസമയം, ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.
ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് എറണാകുളം-ഗുരുവായൂർ സ്പെഷൽ എക്സ്പ്രസ് ട്രെയിനിൽ വരുമ്പോഴാണ് തൃശൂർ സ്വദേശികളായ പിതാവിനും മകൾക്കും നേരെ അമ്പത് വയസ്സിലധികം പ്രായം വരുന്ന ആറുപേർ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും മർദിക്കാനും ശ്രമിച്ചത്. ലൈംഗികാധിക്ഷേപ പെരുമാറ്റമാണ് ഉണ്ടായതെന്ന് പെൺകുട്ടിയും പിതാവും പറഞ്ഞു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വിഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു. അതിക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ മർദിച്ചെന്നും റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രതികൾ ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും പിതാവും പൊലീസിന് നൽകിയ മൊഴി. സി.സി.ടി.വി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാൻ ശ്രമം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.