തൃശൂർ: അയ്യായിരം രൂപ കടമെടുത്തതിന് പലിശയും പിഴപ്പലിശയുമായി മൂന്നിരട്ടിയോളം കൊടുത്തിട്ടും പിന്നെയും പണമാവശ്യപ്പെട്ടുള്ള ഭീഷണിയിൽ യുവാവ് ജീവനൊടുക്കിയത് കഴിഞ്ഞ മാസം 12ന് ഗുരുവായൂരിൽ കോട്ടപ്പടിയിലാണ്. സഹോദരിയുടെ വിവാഹത്തിന് പുതുതലമുറ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചതറിഞ്ഞ് എത്തിയ യുവാവിന് പണം അനുവദിക്കാനാവില്ലെന്ന മറുപടിയിൽ ജീവനൊടുക്കിയ സംഭവം തൃശൂരിൽ കഴിഞ്ഞ ദിവസമാണ്.
സഹകരണ ബാങ്കുകൾ, ദേശാസാൽകൃത ബാങ്കുകൾ, കൂണുപോലെ മുളച്ചുപൊന്തിയ പുതുതലമുറ ബാങ്കുകൾ, എണ്ണിയാലൊടുങ്ങാത്ത ധനകാര്യ സ്ഥാപനങ്ങൾ. ഇതിനെല്ലാം പുറമെ ഒന്ന് ക്ലിക്ക് ചെയ്താൽ മതി ജാമ്യവും ഈടും വേണ്ട, ഞൊടിയിടയിൽ വായ്പയെന്ന പ്രചാരണത്തിലുള്ള ഓൺലൈൻ വായ്പ ഇടപാടുകൾ.
പക്ഷേ, ഇതെല്ലാം ജീവനെടുക്കാൻ വേണ്ടിയുള്ളതാണ്. ഗാന്ധിനഗർ കുണ്ടുവാറ സ്വദേശി വിപിെൻറ മരണത്തിന് ഇടയാക്കിയത് വായ്പ നൽകാമെന്ന് പറഞ്ഞ പുതുതലമുറ ബാങ്ക് അവസാന നിമിഷത്തിൽ കാല് മാറിയതാണ്. നേരത്തേതന്നെ ഇത് പറഞ്ഞിരുന്നുവെങ്കിൽ വിപിൻ നഷ്ടമാവില്ലായിരുന്നു. സഹകരണ ബാങ്കുകൾ മുതൽ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ പോലും രണ്ടര സെൻറുകാരെൻറ ആവശ്യത്തിന് ഉതകുന്ന വായ്പ സൗകര്യങ്ങളില്ല. മൂന്ന് സെൻറിൽ താഴെയുള്ള ഭൂമികൾ ഇടായി എടുത്ത് വായ്പ നൽകാൻ നിയമമനുവദിക്കുന്നില്ലത്രെ. ഇതാണ് പുതുതലമുറ ബാങ്കിലേക്ക് യുവാവിനെ ആകർഷിച്ചത്. ഒന്നും രണ്ടും പ്രളയങ്ങൾ, പിന്നാലെ വന്ന കോവിഡ് മഹാമാരി അൽപമെങ്കിലും അടിത്തറയുള്ളവനെ പോലും ഇളക്കിക്കളഞ്ഞിരിക്കുന്ന സാഹചര്യമാണ്.
ദിവസേനയാണ് ഓൺലൈൻ വായ്പ തട്ടിപ്പിൽപ്പെട്ട് പണം പോയെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസിെൻറ മുന്നറിയിപ്പുകളുമുണ്ടാവുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും തല വെച്ചുകൊടുക്കുന്ന ഒരു കൂട്ടർ. ലഭ്യമായ സാഹചര്യങ്ങളെ കൊള്ളയടിക്കുന്ന കരുവന്നൂർ മോഡലുകൾ വേറെ. അതേസമയം, അടിയന്തര ആവശ്യത്തിന് പോലും കാൽ കാശ് കിട്ടാതെ വലയുന്ന ആയിരങ്ങളുണ്ട്. ചുറ്റുപാടിൽ ഇത്തരക്കാർ കഴിയുന്നുണ്ടെന്ന് തിരിച്ചറിയാതെ പോകുന്ന പൊതുപ്രവർത്തകരെന്ന് നടിക്കുന്നവർക്കു നേരെയും വിപിെൻറ മരണം ചൂണ്ടുവിരൽ നീട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.