വിസ തട്ടിപ്പിനിരയായി യുവതിയുടെ ആത്മഹത്യ: വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

എടത്വാ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം കാക്കനാട് സ്വദേശിയായ പ്രതി ബിജോയ് തോമസ് (51) പിടിയില്‍. വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെയാണ് എടത്വ പൊലീസിൻറെ സമയോചിതമായ ഇടപെടലിൽ വെള്ളിയാഴ്ച രാത്രി പ്രതിയെ ആലുവയില്‍നിന്ന് പിടികൂടിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. മൂന്ന് മൊബൈൽ ഫോണുകൾ ബിജോയ് മാറി മാറി ഉപയോഗിച്ചത് പൊലീസിനെ ഏറെ വലച്ചിരുന്നു. പ്രതിയിൽനിന്നു നിരവധി എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. പ്രതി ഇതിന് മുമ്പും നിരവധി കേസുകളിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ്. വിസ്സക്കായി അപേക്ഷിക്കുന്നവർക്ക് ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിലേക്ക് തീർഥാടന വിസ നൽകി അവിടുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയായിരുന്നു പതിവ്. നിരവധി പേരാണ് ചതിയില്‍ കുടുങ്ങിയത്.

തലവടി സ്വദേശി ശരണ്യയുടെ ആത്മഹത്യക്കു പിന്നാലെ വഞ്ചിക്കപ്പെട്ട മറ്റു രണ്ടുപേരും കൂടി നൽകിയ പരാതിയിൽ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽനിന്നാണ് ഏജൻസിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കൽ ശരണ്യ (34) കഴിഞ്ഞ അഞ്ചിനാണ് തൂങ്ങി മരിച്ചത്.

ആത്മഹത്യാ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കൈയിൽനിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽനിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജൻസിക്ക് കൈമാറിയിട്ടുണ്ട്. വിദേശ ജോലി സ്വപ്നം കണ്ട നിരവധി ആളുകളുടെ പണമാണ് ഇയാൾ കൈക്കലാക്കിയത്. വിസ തട്ടിപ്പെന്ന് മനസ്സിലാക്കിയതോടെ പണം നൽകിയവർ തിരികെ ആവശ്യപ്പെട്ടിരുന്നു.

വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസ്സിലായത്. ഇതിൽ മനംനൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭർത്താവും തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പൊലീസിൻ്റെയും സമയോജിതമായ ഇടപെടൽ തുണയായി.

Tags:    
News Summary - visa fraud case: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.