അന്തിക്കാട്: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടി മുങ്ങിയ മുംബൈ സ്വദേശികളായ സഹോദരങ്ങളെ ഡല്‍ഹിയില്‍നിന്ന് ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ അന്തിക്കാട് പൊലീസ് സാഹസികമായി പിടികൂടി.
മുംബൈയിലെ താനെ ജില്ലയിൽ ഉല്ലാസ് നഗറിൽ കാവാരം ചൗക്ക് ബാരക്കിൽ താമസിച്ചിരുന്ന ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് അറസ്റ്റിലായത്. 2021ൽ തൃശൂർ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നൽകിയ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി പേരിൽനിന്ന് ഇവർ പണം തട്ടിയതായി അന്വേഷണത്തിൽ വിവരം ലഭിച്ചു. ആറ് മുതല്‍ 12 ലക്ഷം വരെയാണ് ഓരോ വ്യക്തികളിൽനിന്നും വാങ്ങിയത്.
തൃശൂർ, എറണാകുളം ജില്ലകളിൽനിന്നടക്കം സംസ്ഥാനത്തെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്. വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതികൾ ആളുകളെ ഡൽഹിയിലും തുടർന്ന് ഉസ്ബകിസ്താനിലും കൊണ്ടുപോയി അവിടെ പണം കൈക്കലാക്കി മുങ്ങുകയായിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്േഗ്രയുടെ നിർദേശത്തിലും ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.കെ. ഷൈജു, അന്തിക്കാട് പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലും രൂപവത്കരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അന്വേഷിച്ച് എ.എസ്.ഐ എം.കെ. അസീസും സി.പി.ഒ റിൻസണും മുംബൈയിൽ എത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല. പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് ജോജോയും ജൂലിയസും ഡൽഹിയിലെ നിസാമുദ്ദീനിലുണ്ടെന്ന വിവരം കിട്ടുന്നത്.
തുടർന്ന് അവിടെയെത്തി ഡൽഹി പൊലീസിന്റെ സഹായത്തോടെ തട്ടിപ്പുസംഘങ്ങൾ വിഹരിക്കുന്ന ചേരിയിൽനിന്ന് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ മൂന്ന് സ്റ്റേഷനിൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.