കൊല്ലം: വിസ്മയ കേസ് വിചാരണക്കിടെ മൊഴി മാറ്റി പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള. ഒന്നാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ 11ാം സാക്ഷിയായി വിസ്തരിക്കവെയാണ് പൊലീസിൽ നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്.
'സംഭവദിവസം രാത്രി 1.30 ഓടെ കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയിൽ എത്തിയപ്പോൾ ബാത്ത്റൂം വാതിൽ അടഞ്ഞുകിടന്നു. വിളിച്ചിട്ട് കേൾക്കാത്തതിനാൽ കിരണുമായി ചേർന്ന് വാതിൽ തള്ളിത്തുറന്ന് കയറിയപ്പോൾ വിസ്മയ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. താനും കൂടി ചേർന്ന് താങ്ങി അഴിച്ച് ബാത്ത്റൂമിൽ കിടത്തി. കിരൺ നെഞ്ചിൽ ശക്തിയായി അമർത്തുകയും കൃത്രിമശ്വാസം കൊടുക്കുകയും ചെയ്തു.
മൂക്കിൽ വിരൽ വെച്ച് നോക്കിയപ്പോൾ മരിച്ചെന്ന് വ്യക്തമായി. തലയിണയുടെ അടിയിൽ ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടു. പൊലീസിൽ അറിയിക്കേണ്ട കേസായതിനാൽ മൃതദേഹം അവിടെ നിന്ന് മാറ്റാതെ ആത്മഹത്യാക്കുറിപ്പുമായി പൊലീസ് സ്റ്റേഷനിൽ പോയി. തിരികെ വന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയത്'- എന്നായിരുന്നു സദാശിവൻ പിള്ള കോടതിയിൽ നൽകിയ മൊഴി.
സംഭവദിവസം വിസ്മയയും കിരണും തമ്മിൽ വഴക്കുണ്ടായിയെന്നും വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് ബാത്ത്റൂമിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും പൊലീസിൽ കൊടുത്ത മൊഴിയാണ് സദാശിവൻപിള്ള കോടതിയിൽ നിഷേധിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യർഥിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.
ക്രോസ് വിസ്താരത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസിൽ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോടതിയിൽ ഹാജരാക്കാത്തത് സംബന്ധിച്ച് ഒരു പരാതിയും ആർക്കും കൊടുത്തില്ല എന്നും മൊഴി നൽകി. മുൻ അഭിഭാഷകനോട് ആത്മഹത്യാക്കുറിപ്പ് ഉള്ള വിവരം പറഞ്ഞു. വിവരം മാധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേടി കാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം.
വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അന്ന് വഴക്കുണ്ടായതായും കയറിച്ചെല്ലുമ്പോൾ വിസ്മയയുടെ ശരീരം അഴിച്ച നിലയിൽ താഴെ കിടക്കുന്നതാണ് കണ്ടതെന്നുമുള്ള പ്രസ്താവനകൾ താൻ കള്ളം പറഞ്ഞതാണെന്ന് സദാശിവൻ പിള്ള കോടതിയിൽ പറഞ്ഞു. താനുംകൂടി ചേർന്നാണ് വിസ്മയയുടെ ശരീരം അഴിച്ച് കിടത്തിയതെന്നും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നു എന്നുമുള്ള വസ്തുത ആദ്യമായാണ് കോടതിയിൽ പറയുന്നതെന്നും സദാശിവൻപിള്ള മൊഴി നൽകി.
വിസ്മയ മരിച്ച വിവരം സദാശിവൻപിള്ളയാണ് അറിയിച്ചതെന്ന് സഹോദരപുത്രനായ അനിൽകുമാർ മൊഴി നൽകി. സാക്ഷികളുടെ എതിർ വിസ്താരം ചൊവ്വാഴ്ച നടക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിഭാഗത്തിനുവേണ്ടി പ്രതാപചന്ദ്രൻപിള്ളയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.