തിരുവനന്തപുരം: ശാസ്താംകോട്ടയിൽ തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാെണന്ന് സഹോദരൻ വിജിത്ത്. 'കിരണിന്‍റെ കുടുംബം സ്വത്തും സ്വർണവും ആവശ്യപ്പെട്ടത് വിവാഹ നിശ്ചയശേഷമാണ്. സ്ത്രീധന സമ്പ്രാദയം മാറാതെ ഇതിന് ഒരു മാറ്റവും വരില്ല. ഓരോ ആഴ്ചയും പുതിയ കേസുകളാണ് വരുന്നത്. നല്ല രീതിയിലായിരുന്നു മാട്രിമോണിയൽ വഴി ആലോചന വന്നത്. സർക്കാർ ഉദ്യോഗസ്ഥൻ, എസ്.ഐ റാങ്കിങ്ങിലുള്ള ആൾ എന്നതിനാൽ വേറൊ ഒന്നും ആലോചിച്ചില്ല. വിവാഹ നിശ്ചയിച്ച ശേഷമാണ് അവർ എന്തുകൊടുക്കുമെന്ന് ചോദിച്ചത്. മാന്യമായിട്ടുള്ള സ്വർണവും സ്ഥലവും നൽകാണെന്ന് പറഞ്ഞു.
കല്യാണം കഴിഞ്ഞ് നാല് ദിവസം മുതൽ മർദനം തുടങ്ങി. ഒരിക്കൽ കിരൺ വീട്ടിൽ വന്ന് മർദിച്ചിരുന്നു. അതിനെതിരെ പരാതി നൽകിയതിനാൽ, ഫെബ്രുവരിയിൽ നടന്ന തന്‍റെ കല്യാണത്തിന് കിരണിന്‍റെ കുടുംബത്തിൽനിന്ന് ആരും വന്നില്ല. ഉദ്യോഗസ്ഥനാണെന്ന അഹങ്കാരം എപ്പോഴും കാണിച്ചു. എനിക്ക് ഒന്നും സംഭവിക്കില്ലെന്ന വിചാരമായിരുന്നു. ഇനി ഒരിക്കലും മർദിക്കില്ലെന്ന് പറഞ്ഞതിന് അനുസരിച്ചാണ് മധ്യസ്ഥ ചർച്ചയിൽ കേസ് പിൻവലിക്കുകയാണെന്ന് ഒപ്പിട്ടുനൽകിയത്. ആ ഒപ്പ് കാരണം ഇപ്പോൾ നഷ്ടമായത് അവളുടെ ജീവനാണ്' -വിജിത്ത് പറഞ്ഞു.
നീതി കിട്ടുമെന്ന പരിപൂർണ വിശ്വാസം തനിക്കുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. 'എന്‍റെ പാർട്ടിയിലും സർക്കാറിലും എനിക്ക് വിശ്വാസമുണ്ട്. മകളുടേത് കൊലപാതകം തന്നെയാണ്. ആത്മഹത്യയുടെ യാതൊരു ലക്ഷണവും കാണാനില്ല' -പിതാവ് കൂട്ടിച്ചേർത്തു.
ഒരു മകൾക്കും ഇതുപോലെയൊരു അനുഭവം ഉണ്ടാകരുതെന്ന് മാതാവ് സജിത വിലപിക്കുന്നു. 'പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണം. ഭർതൃവീട്ടിൽ പ്രശ്നമുള്ള കാര്യം പലതവണ പറഞ്ഞിരുന്നു. എന്നാൽ, എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. നാട്ടുകാർ പലതും പറയുമെന്ന് കരുതി സ്വന്തം വീട്ടിലേക്ക് മടങ്ങിയില്ല.
കിരണിന്‍റെ കൂടെ നിൽക്കാൻ തന്നെയായിരുന്നു തീരുമാനം. മർദിക്കാറുണ്ടെങ്കിലും വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നില്ല. അതിനാലാണ് കൊണ്ടുവരാതിരുന്നത്. ഭർതൃവീട്ടുകാർ ഫോൺ വിളിക്കാനും മെസേജ് അയക്കാനും സമ്മതിക്കില്ലായിരുന്നു. ഒളിച്ചിരുന്നാണ് വിളിക്കാറ്.
താൻ വിളിക്കുന്നത് കിരണിന് ഇഷ്ടമില്ലായിരുന്നു. ഒരിക്കൽ അത് തന്നോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. കിരണിന്‍റെ കുടുംബവും കാര്യമായി തങ്ങളോട് സമ്പർക്കം പുലർത്തിയിരുന്നില്ല.
കിരണിന്‍റെ അമ്മ അവനെ എപ്പോഴും ന്യായീകരിച്ച് കൂടെയുണ്ടായിരുന്നു. മരിക്കുന്നതിന്‍റെ തലേദിവസം ഫോൺ വിളിച്ച് പരീക്ഷ ഫീസ് ചോദിച്ചിരുന്നു മകൾ. കിരൺ പൈസ നൽകാറില്ല. ബി.എ.എം.എസ് പഠനം കഴിഞ്ഞ് നല്ലൊരു ജോലി നേടണമെന്നായിരുന്നു അവളുടെ ആഗ്രഹം.
കഴിഞ്ഞ ഫാദേഴ്സ് ഡേക്ക് അച്ഛനെ വിളിച്ച് ആശംസകൾ നേരിന്നിരുന്നു. എന്നാൽ, ഇത് കണ്ട് ഫോൺ വലിച്ചെറിഞ്ഞു. പിന്നെ ഉപദ്രവം തുടങ്ങി. കിരൺ നല്ല ദേഷ്യക്കാരനാണ്. ഇതിലും നല്ല സ്വത്തും പെണ്ണും കിട്ടുമെന്ന് അവൻ ഇടക്കിടക്ക് പറയുമായിരുന്നു. സ്ത്രീധനമായ 100 പവനിൽ 80 പവൻ മാത്രമാണ് നൽകിയിട്ടുള്ളത്. പിന്നെ കാറും സ്വത്തും നൽകിയിരുന്നു. കാർ അപകടത്തിൽപെട്ട് തകർന്നിരിക്കുകയാണ്. കൂടുതൽ മൈലേജുള്ള വാഹനവും കിരൺ ആവശ്യപ്പെട്ടിരുന്നു' -സജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.