വിഴിഞ്ഞം: ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട്​ സമരം നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത്​ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽനിന്ന് സംരക്ഷണം തേടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ്​ പ്രോജക്ട്സും നൽകിയ ഹരജികളിലാണ്​ ജസ്റ്റിസ്​ അനു ശിവരാമന്‍റെ ഉത്തരവ്​.

രണ്ട് കമ്പനികൾക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാറിനും പൊലീസിനും നിർദേശം നൽകണമെന്നും ഇതിന്​ പൊലീസിന്​ കഴിയില്ലെങ്കിൽ സി.ആർ.പി.എഫിന്റെ സംരക്ഷണം ഒരുക്കാൻ കേന്ദ്രത്തിന്​ നിർദേശം നൽകണമെന്നുമാണ്​ ഹരജികളിലെ ആവശ്യം. നിർമാണ പ്രവൃത്തികൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുംവിധം സമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് ഹരജിക്കാർ വാദിച്ചു. പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയുള്ള സാഹചര്യത്തിൽ സമരക്കാർ ആവശ്യപ്പെടുന്നതുപോലെ പരിസ്ഥിതി ആഘാത പഠനം ഇനി ആവശ്യമില്ല.

സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ നിർത്തിയത്​ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്​. നിയമപരമായ എല്ലാ അനുമതികളും വാങ്ങി നിർമാണം തുടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമരംമൂലം ഇപ്പോൾ ഈ മേഖലയിലെ ക്രമസമാധാനം തകർന്നെന്നാണ് ഹരജികളിലെ ആരോപണം. 2015 ഡിസംബർ അഞ്ചിന്​ തുടങ്ങിയ തുറമുഖ നിർമാണം പൂർത്തിയാകാറായ ഘട്ടത്തിലാണ്​ സമരമുണ്ടായിട്ടുള്ളത്​. ഈമാസം 19ന് സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് നിർമാണ മേഖലയിലും അതിസുരക്ഷ മേഖലയിലും പ്രവേശിച്ചു. സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്ന്​ ഹരജിക്കാർ ആരോപിച്ചു. എന്നാൽ, മതിയായ സംരക്ഷണം നൽകാൻ പൊലീസിന്​ കഴിയുമെന്ന്​ വ്യക്തമാക്കിയ സർക്കാർ, സി.ആർ.പി.എഫ്​ സംരക്ഷണം വേണമെന്ന ആവശ്യത്തെ എതിർത്തു. തുടർന്ന്​ ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Vizhinjam: High Court to ensure law and order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.