തിരുവനന്തപുരം: സംസ്ഥാനത്തിെൻറ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പുതിയ പ്രതിസന്ധി. പ്രവൃത്തിയിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് നിർമാതാക്കളായ അദാനി ഗ്രൂപ്പിെൻറ പോർട്ട് സി.ഇ.ഒ സന്തോഷ് കുമാർ മഹാപാത്ര രാജിവെച്ചു. കരിങ്കല്ല് കിട്ടാത്തതിനെ തുടർന്ന് നിർമാണം അനിശ്ചിതമായി നീളുന്നതും അടിക്കടിയുള്ള സമരങ്ങളും വിഷയത്തിൽ സർക്കാറിെൻറ ഇടപെടൽ കുറഞ്ഞതുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇദ്ദേഹത്തിനുപകരം രാേജഷ് ഝായെ പുതിയ സി.ഇ.ഒയായി നിയമിച്ചു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സന്തോഷ് മഹാപാത്ര മാധ്യമങ്ങേളാട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംസ്ഥാന സർക്കാറുമായി കരാർ ഒപ്പിട്ടയാളാണ് രാജിവെച്ച സി.ഇ.ഒ. ഗുജറാത്തിൽനിന്നുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തുറമുഖ നിർമാണരംഗത്തെ വിദഗ്ധനായാണ് അറിയപ്പെടുന്നത്. കരിങ്കല്ല് ലഭിക്കാത്തതിനെ തുടർന്ന് നിർമാണം രണ്ടുമാസമായി ഇഴഞ്ഞാണ് നീങ്ങുന്നത്. പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിലുള്ള അവലോകന യോഗങ്ങൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. ഇൗ സാഹചര്യത്തിൽ വാഗ്ദാനം ചെയ്ത 1000 ദിവസത്തിനകം പദ്ധതി യാഥാർഥ്യമാവില്ലെന്ന് തിരിച്ചറിഞ്ഞാണ് സി.ഇ.ഒ പിന്മാറിയതെന്നാണ് വിവരം.
2015ലാണ് വിഴിഞ്ഞം പദ്ധതിക്കായി കേരള സർക്കാറും അദാനി ഗ്രൂപ്പും കരാർ ഒപ്പിട്ടത്. 2015 ഡിസംബറിൽ തന്നെ തുറമുഖ നിർമാണവും തുടങ്ങി. 2019 ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാവുമെന്ന പ്രതീക്ഷയിലാണ് പ്രവൃത്തി പുരോഗമിച്ചത്. വിവിധ കാരണങ്ങളാൽ പലതവണ പ്രവൃത്തി നിലക്കുന്നതാണ് പിന്നീട് കണ്ടത്. പ്രദേശവാസികളുടെ പ്രതിഷേധം കനത്തതും നിർമാണ സാമഗ്രികളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചു. പദ്ധതി സംസ്ഥാനത്തിന് അനുയോജ്യമല്ലെന്നും വൻനഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോർട്ടും വന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചിരിക്കുകയാണ് സർക്കാർ.
ഇത്തരം പ്രതിസന്ധികൾക്കിടെ സി.ഇ.ഒയുടെ രാജി ആശങ്കയോടെ സർക്കാറും കാണുന്നത്.അതേസമയം, നിശ്ചിത സമയപരിധിക്കകം തുറമുഖം യാഥാർഥ്യമാക്കുമെന്ന് പുതുതായി ചുമതലയേറ്റ സി.ഇ.ഒ രാേജഷ് ഝാ മാധ്യമങ്ങളോട് പറഞ്ഞു. 25 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. സന്തോഷ് മഹാപാത്ര വിഴിഞ്ഞം അദാനി പോർട്ടിെൻറ ഉപദേശകനായി തുടരുെമന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.