‘ജീവിതത്തിൽ കാണിച്ച സത്യസന്ധത രാജ്യത്തിന്‍റെ മനസില്‍ മായാതെ നില്‍ക്കും; മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് വി.ഡി സതീശൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.ഡി സതീശന്‍റെ അനുശോചന കുറിപ്പ്

ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെനില്‍ക്കും.

വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിലായിരുന്നു മൻമോഹൻ സിങ്ങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളായിരുന്നു. 1991-96 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് തുടക്കംകുറിച്ചത്.

സോഷ്യലിസ്​റ്റ്​ പാത പിന്തുടർന്നിരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ 90കളിലെ ഉദാരീകരണ സമ്പദ്​വ്യവസ്​ഥയുടെ ഭാഗമാക്കിയതിനു പിന്നിലെ ബുദ്ധികേ​ന്ദ്രം മൻമോഹൻ സിങ്ങി​ന്‍റേതായിരുന്നു. രാഷ്​ട്രീയ പാരമ്പര്യമില്ലാത്ത ധനകാര്യ വിദഗ്​ധനിൽനിന്ന്​ രാജ്യത്തിന്‍റെ 13-ാം പ്രധാനമന്ത്രിപദത്തിലേക്ക്​ നിയോഗിക്കപ്പെട്ടയാൾ എന്ന നിലയിൽ മൻമോഹൻ സിങ്ങി​ന്‍റെ ജീവിതം ചരിത്രമാണ്​.

സാമ്പത്തിക ശാസ്​ത്രജ്ഞനായ ആദ്യത്തെ പ്രധാനമന്ത്രി എന്ന സവിശേഷതയും അദ്ദേഹത്തിനു സ്വന്തം. 1998 -2004 കാലയളവിൽ ​രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചത്. 

Tags:    
News Summary - VD Satheesan Condolence to Manmohan Singh Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.