തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ത​ള്ളി​ക്ക​യ​റി​യ സ​മ​ര​ക്കാ​ർ കൊ​ടി നാ​ട്ടുന്നു

തുറമുഖ സമരം മൂന്നാം ദിനവും സംഘർഷഭരിതം

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്‍റെ മൂന്നാം ദിനവും സംഘർഷഭരിതമായി. തുറമുഖ നിർമാണ മേഖലയിൽ തള്ളിക്കയറിയ സമരക്കാർ കൊടി നാട്ടി.

സമരക്കാർ തുറമുഖത്തേക്ക് പ്രവേശിക്കാതിരിക്കാനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്തു. രാപകൽ സമരത്തിന്റെ മൂന്നാം ദിനം പുല്ലുവിള, കരിംകുളം ഇടവകകളിൽനിന്നുള്ള സ്ത്രീകളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് ആൾക്കാരാണ് രാവിലെയോടെ മുല്ലൂർ കലുങ്ക് നടയിലെ സമരപ്പന്തലിൽ എത്തിയത്.

കലുങ്ക് നടയിൽനിന്ന് തുറമുഖ നിർമാണസ്ഥലത്തേക്ക് മാർച്ച് ചെയ്ത് കൊടി ഉയർത്തണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ പൊലീസ് തയാറാകാത്തതോടെ അന്തരീക്ഷം വഷളായി. സമരക്കാർ പൊലീസ് തീർത്ത ബാരിക്കേഡുകൾ മാറ്റി തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥയും സൃഷ്ടിച്ചു.

സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ശക്തമായ പ്രതിരോധം സൃഷ്ടിച്ചെങ്കിലും സ്ത്രീകൾ ഉൾപ്പെടുന്ന പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തും വടം ഉപയോഗിച്ച് കെട്ടിവലിച്ച് മാറ്റിയും ഉള്ളിലേക്ക് കടക്കുകയായിരുന്നു.

ബലപ്രയോഗത്തിലും പിടിവലിയിലും 10ഓളം ബാരിക്കേഡുകളും പൊലീസുകാർക്ക് വിശ്രമിക്കാൻ തയാറാക്കിയ ഷെഡും തകർന്നു. പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തടയാൻ ശ്രമിച്ച എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ അമൽജിത്ത്, മുഹമ്മദ് നബീൽ, ഉജിത്, രാഹുൽ എന്നിവർക്ക് പരിക്കേറ്റു.

തിക്കിലും തിരക്കിലും പെട്ടും ബാരിക്കേഡിൽ ഉറപ്പിച്ചിരുന്ന ഇരുമ്പ് മുള്ളുകൊണ്ടും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഒടുവിൽ പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി പൊലീസുമായി ചർച്ച നടത്തി. സമാധാനപരമായി കൊടി നാട്ടി മടങ്ങാമെന്ന ഉറപ്പിൽ മാർച്ചിന് പൊലീസ് അനുമതി നൽകിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.

പൊലീസ് വലയത്തിൽ മാർച്ച് സമരപ്പന്തലിൽനിന്ന് അരകിലോമീറ്റർ ഉള്ളിലുള്ള തുറമുഖ നിർമാണസ്ഥലത്തെത്തി. കരിംകുളം ഇടവക വികാരി ഫാ. അഗസ്റ്റിൻ ജോൺ, പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി ടി.ബി, സഹവികാരി ഫാ. ജോസ് വർഗീസ് എന്നിവർ തുറമുഖത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന അക്രോപാഡുകൾക്ക് മുകളിൽ കയറി കൊടി വീശി ആരവം മുഴക്കി കൊടികൾ സ്ഥലത്ത് നാട്ടിയശേഷം തിരികെ സമരപ്പന്തലിലേക്ക് മടങ്ങിയെത്തി സമരം തുടരുകയായിരുന്നു.

Tags:    
News Summary - vizhinjam port strike continues for the third day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.