തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്കുള്ള പരിഹാര നിർദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാര നിർദേശങ്ങൾ വിവരിച്ചത്.
ചർച്ചയിലെ ധാരണകൾ:
- വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ രൂപവത്കരിച്ച ജില്ല തല സമിതിക്ക് ചീഫ് സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും മേല്‍നോട്ടം വഹിക്കും
- ഫ്ലാറ്റുകളുടെ നിര്‍മാണം ഒന്നരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ടുമാസത്തെ വാടക അഡ്വാന്‍സായി നല്‍കും. പ്രതിമാസ വാടകയായി 5,500 രൂപ നല്‍കും.
- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തും, വീടിന്റെ ആകെ വിസ്തീര്‍ണം 635 ചതുരശ്ര അടിയില്‍ അധികരിക്കാതെ ഡിസൈനുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി പൊതുവായി സ്ഥലം ഒരുക്കും.
- തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
- നിലവിലെ മണ്ണെണ്ണ എന്‍ജിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്‍ജിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കും.
- കേരള തീരത്ത് മത്സ്യബന്ധനം നടത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം പുറപ്പെടുവിക്കുന്ന തീയതികളില്‍ തൊഴില്‍നഷ്ടം പരിഗണിച്ച് ഫിഷറീസ് വകുപ്പിന്റെ അംഗീകാര പട്ടികയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദേശീയ ദുരന്ത പ്രതികരണ നിധി മാനദണ്ഡം അനുസരിച്ച് തൊഴില്‍ നഷ്ടപരിഹാരം നല്‍കും. ആവശ്യമുള്ളപക്ഷം അവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തും.
- മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ രണ്ടാഴ്ചക്കുള്ളില്‍ പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.