തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചർച്ചക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ഫിഷറീഷ് മന്ത്രി വി. അബ്ദുറഹ്മാനാണ് ചർച്ചയുടെ വിവരം ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയെ അറിയിച്ചത്.
ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. നിലവിൽ മന്ത്രി അബ്ദുറഹ്മാൻ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും തീരദേശമേഖലയുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഡൽഹിയിലാണ്.
സംസ്ഥാന സർക്കാറിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണം ഉണ്ടാക്കുന്നുവെന്നും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ സമരം ചെയ്യുന്നത്.
അതേസമയം, വിഴിഞ്ഞം പദ്ധതിക്കായി ഏഴ് വര്‍ഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ലെന്ന മന്ത്രി ആന്‍റണിരാജുവിന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മന്ത്രിക്ക് അധികാര രാഷ്ട്രീയ ധാര്‍ഷ്ട്യമാണെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ പ്രതികരിച്ചു.
കേഴുന്ന തീരദേശം എന്ന വിഷയത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സംസ്ഥാനസമിതി നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളതീരത്തെ ആപത്കരമായി ബാധിക്കുന്ന പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തക്ക് തയാറാകണമെന്നും മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.