വിഴിഞ്ഞം അക്രമം: പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റിന് അനുമതി കാത്ത് പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളെ തിരിച്ചറിഞ്ഞു. അറസ്റ്റിനായി സർക്കാറിന്‍റെ അനുമതി തേടി പൊലീസ്. സർക്കാറിന്‍റെ അനുമതിയുടെ അടിസ്ഥാനത്തിലാകും കേസുകളുടെ ഭാവി. ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ ഉൾപ്പെടെ വൈദികരും കേസുകളിൽ പ്രതിസ്ഥാനത്തുള്ളതിനാൽ കരുതലോടെയാകും സർക്കാർ നീക്കം.

ആർച്ച് ബിഷപ്പിനെതിരെ മാത്രം അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത 168 കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ ഇതിനോടകം പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ മേൽവിലാസം ഉൾപ്പെടെ പട്ടികയും തയാറാക്കി. സ്ത്രീകളും പട്ടികയിലുണ്ട്. സ്പെഷൽ ഓഫിസറായ ഡി.ഐ.ജി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിൽ ഡി.സി.പി ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.

പ്രതികളുടെ കാര്യത്തിൽ തങ്ങളുടെ ഭാഗത്തുള്ള നടപടികളെല്ലാം പൂർത്തിയായതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇനി സർക്കാർ അനുമതി മാത്രമാണ് വേണ്ടതെന്നും അവർ സൂചിപ്പിച്ചു.അതിനിടെ ഹൈകോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഓരോ ദിവസവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. പ്രത്യേക പൊലീസ് കൺട്രോൾ റൂമും വിഴിഞ്ഞത്ത് ആരംഭിച്ചു.

അതിനിടെ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാറിനെന്നപോലെ സി.പി.എമ്മിനും വെല്ലുവിളിയായിരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ആവർത്തിക്കുമ്പോഴും എന്തുകൊണ്ടാണ് അത് വൈകുന്നതെന്ന ചോദ്യത്തിന് പാർട്ടിക്ക് വ്യക്തമായ മറുപടിയില്ല. സർക്കാറിനെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് സി.പി.എം തീരുമാനം.

Tags:    
News Summary - Vizhinjam violence: Suspects identified; Police are waiting for permission to arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.