കൊച്ചി: വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരെയും അതിന് പ്രേരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈകോടതി. സമാധാനം ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടിയെന്തെന്നും അക്രമസംഭവങ്ങളുണ്ടായാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്തു നിൽക്കേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് മറുപടി നൽകിയ സർക്കാർ സമരക്കാരുടെ ആക്രമണത്തിൽ 40 പൊലീസുകാർക്ക് സാരമായി പരിക്കേറ്റതായി അറിയിച്ചു. മൂവായിരത്തോളം പേരാണ് പ്രതിഷേധരംഗത്തുള്ളത്. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ 500 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വിഡിയോകളും ഫോട്ടോകളുമടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ അറിയിച്ചു.
വിഴിഞ്ഞം സമരത്തെ തുടർന്ന് തുറമുഖ നിർമാണത്തിന് മതിയായ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. പദ്ധതി മേഖലയിലേക്ക് വെള്ളിയാഴ്ച ഹെവി വാഹനങ്ങൾ കടത്തി വിടാമെന്ന് കോടതിയിൽ സമരക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച സമരക്കാരുമായി ചർച്ച നടത്തിയശേഷം ശനിയാഴ്ച വാഹനങ്ങൾ കൊണ്ടുവന്നാൽ മതിയെന്നായിരുന്നു സർക്കാർ നിർദേശം. ഇത് പ്രകാരം വാഹനങ്ങൾ കൊണ്ടുവന്നപ്പോഴാണ് സമരക്കാർ ആക്രമിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. അക്രമം തടയാൻ പൊലീസ് ശ്രമിച്ചില്ല. ഇതിനിടെ കേന്ദ്രസേനയെ വിളിച്ചാലും നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാവില്ലെന്ന് കോടതിക്ക് മറുപടിയായി സർക്കാർ പറഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടാകാതെ പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തുകയാണെന്നും സർക്കാർ അറിയിച്ചു. അക്രമം തടയാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് നിർദേശിച്ച കോടതി, സംഘർഷം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് കടുത്ത നടപടിയുമായി പൊലീസ്. സ്ത്രീകളും കുട്ടികളുമടക്കം കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ ഗുരുതരവകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 85 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ശനിയാഴ്ച നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴാം പ്രതി സെൽട്ടൺ അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാെര കൊലപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യമെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കമ്പിവടി, പട്ടിക കഷണങ്ങൾ, കല്ലുകൾ എന്നിവയുമായി പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറി സ്റ്റേഷനിൽ ഉണ്ടായിരുന്ന ഫോർട്ട് എ.സി.പിയെയും മറ്റ് പൊലീസുകാരെയും സമരക്കാർ ബന്ദികളാക്കി. പ്രതികളെ വിട്ടുകിട്ടിയില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനിൽ ഇട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് പൊലീസ് ജീപ്പുകളും റാപ്പിഡ് െറസ്പോൺസ് ഫോഴ്സിന്റെയും ടിയർ ഗ്യാസ് യൂനിറ്റിന്റെയും രണ്ട് മിനി ബസുകളും തകർത്തു. സ്റ്റേഷൻ ജനൽ ഗ്ലാസുകളും ലൈറ്റുകളും അടിച്ചുതകർത്തു. മാരകായുധങ്ങളുമായി നടത്തിയ അക്രമത്തിൽ വനിതകളടക്കം 38 പൊലീസുകാർക്ക് പരിക്കേറ്റതായും പറയുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞ് പ്രതിയാക്കിയിട്ടില്ല.
സ്റ്റേഷൻ ആക്രമണ കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ അറിയിച്ചു.
അതേസമയം ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് പ്രകോപനം ഉണ്ടാക്കാനാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തള്ളി. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ല.
മൂന്നുമണിക്കൂറോളം സംയമനം പാലിച്ചശേഷമാണ് ലാത്തിച്ചാർജടക്കമുള്ള നടപടികളിലേക്ക് കടന്നതെന്നും കമീഷണര്‍ പറഞ്ഞു. മുൻ സമരങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റ് ചെയ്ത ലിയോണ്‍, മുത്തപ്പന്, പുഷ്പരാജ്, ഷാജി എന്നിവരെ തിങ്കളാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്ത സെല്ട്ടണിനെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.