ജില്ലയിൽ സി.പി.എമ്മിെൻറ ജനകീയമുഖങ്ങളിലൊന്നാണ് വി.എൻ.വി എന്നറിയപ്പെടുന്ന വി.എൻ. വാസവൻ. കോട്ടയം എം.എൽ.എ ആയിരിക്കുേമ്പാൾ തുടക്കം കുറിച്ച വികസനപ്രവർത്തനങ്ങളും 2018ലെ പ്രളയത്തിൽ ടിപ്പറിലേറിയെത്തി ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചതും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടരുന്ന സേവനപ്രവർത്തനങ്ങളും അദ്ദേഹത്തെ ജനപ്രിയനാക്കി. മധ്യകേരളത്തിലെ രാഷ്ട്രീയസ്ഥിതി മാറ്റിമറിച്ച കേരള കോൺഗ്രസ് എം ചങ്ങാത്തത്തിന് ചുക്കാൻ പിടിച്ച് കോട്ടയത്തെ ചുവപ്പിച്ചതും വാസവനാണ്.
ഇദ്ദേഹത്തിലൂടെ ഏറ്റുമാനൂർ മണ്ഡലത്തിന് ആദ്യ മന്ത്രിയെക്കൂടി ലഭിക്കുകയാണ്. 1987ലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ രംഗത്തിറങ്ങുന്നത്. അതും അതികായനായ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ. പരാജയപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാക്കി. 1991ലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചുതോറ്റു. 2006ൽ കോട്ടയത്തു മത്സരിച്ച് എം.എൽ.എയായി. എന്നാൽ, രണ്ടാം തവണ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനോട് അടിതെറ്റി. 2021ൽ ഏറ്റുമാനൂരിൽ മത്സരിക്കാനിറങ്ങുേമ്പാൾ സി.പി.എമ്മിെൻറ സിറ്റിങ് മണ്ഡലത്തിൽ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു വാസവെൻറ പ്രഖ്യാപനം. അതു വെറുതെയായില്ല. 14,303 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്..
ആറുവർഷം സി.പി.എം കോട്ടയം ജില്ല സെക്രട്ടറിയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. 1954ൽ മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണെൻറയും കാർത്യായനിയുടെയും മകനായി ജനനം. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ വിദ്യാഭ്യാസ കാലം ഇടതു വിദ്യാര്‍ഥി സംഘടന പ്രസ്ഥാനത്തിലെത്തിച്ചു. 1991ൽ പാർട്ടി ജില്ല കമ്മിറ്റിയിലും '97ൽ ജില്ല സെക്രേട്ടറിയറ്റിലുമെത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, റബ്കോ സ്ഥാപക ഡയറക്ടർ, ചെയർമാൻ, കോട്ടയം ജില്ല സഹകരണബാങ്ക് പ്രസിഡൻറ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പാമ്പാടി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പാമ്പാടി ഹിമ ഭവനിലാണ് താമസം. ഭാര്യ ഗീത പാമ്പാടി സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായി വിരമിച്ചു. മക്കൾ: ഡോ. ഹിമ നന്ദകുമാർ, ഗ്രീഷ്മ വാസവൻ (കമ്പ്യൂട്ടർ എൻജിനീയർ). മരുമകൻ ഡോ. നന്ദകുമാർ (കിംസ് ആശുപത്രി തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.