തിരുവനന്തപുരം: ലോക്സഭ തെരഞ്ഞടുപ്പിൽ കേരളത്തിൽ ഇടതു മുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിര ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചാരണം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന് നൽകി വോട്ട് പാഴാക്കരുത്. ദക്ഷിണേന്ത്യയിൽ ബി.ജെ.പി യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉൾപ്പെടെ പ്രമുഖർ തോൽക്കും.
കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഇന്ത്യ മുന്നണി വൻ മുന്നേറ്റമുണ്ടാക്കും. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളം 19 എം.പിമാരെ സമ്മാനിച്ചത്. അതുകൊണ്ടു തന്നെ കേരളത്തോട് കോൺഗ്രസിന് പ്രത്യേക മമതയുണ്ട്. ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നൽകുമെന്നും ശിവകുമാർ പറഞ്ഞു.
വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്. വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെയാണ് മാറ്റിയത്. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകയ്ക്കോവേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് പറയണമെന്നും ഡി.കെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.