തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും ബുധനാഴ്ച വിധി ദിനം. ഹൈവോൾട്ടേജ് പ്രചാരണത്തിനൊടുവിൽ നിശ്ശബ്ദ പ്രചാരണ ദിനത്തിൽ അവസാന വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു മുന്നണികൾ. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ദേശീയശ്രദ്ധ നേടിയപ്പോൾ ചേലക്കര ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. പോളിങ് സാമഗ്രികളുടെ വിതരണവും ബൂത്ത് ഒരുക്കങ്ങളുമെല്ലാം പൂർത്തിയായി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്.
പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ചേലക്കരയിൽ യു.ആർ. പ്രദീപ് (എൽ.ഡി.എഫ്), രമ്യ ഹരിദാസ് (യു.ഡി.എഫ്), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുൾപ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്. വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിച്ച് പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എൽ.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തിലെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി.
അതിനിടെ, നിശബ്ദ പ്രചാരണദിനത്തിൽ ചേലക്കരയിൽ വാർത്തസമ്മേളനം വിളിച്ച ഡി.എം.കെ നേതാവ് പി.വി. അൻവർ എം.എൽ.എക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. വയനാട്ടിനും ചേലക്കരക്കുമൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലക്കാട്ട് പോളിങ് ഒരാഴ്ച നീട്ടി. നവംബർ 20നാണ് പാലക്കാട്ടെ പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.